ചവറ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൈൽ കുറ്റിയിലിടിച്ച് നിന്നു. വാഹനത്തിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ 2.20 ഓടെയാണ് അപകടമുണ്ടായത്.
പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എട്ടംഗ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ ദേശീയപാതയിൽ എഎംസി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മൈൽ കുറ്റിയിൽ ഇടിച്ച് നിന്നതിനാലും സമീപത്തെ വീട്ടിൽ ഇടിച്ചു കയറാതിരുന്നതിനാലും വലിയ അപകടം ഒഴിവാകുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെയുള്ളവർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ ശബ്ദം കേട്ട് സമീപവാസികൾ ഓടി കൂടി കാറിൽ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ പോലീസും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കാറിന്റെ മുൻവശത്തെ ഗ്ലാസുകൾ പൂർണമായും തകർന്നു.

