കൊച്ചിയിൽ സ്കൂൾ ബസ് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു; ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: മരട് കാട്ടിത്തറ റോഡിൽ ഡേ കെയർ സ്ഥാപനത്തിന്‍റെ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു.   ഡ്രൈവറേ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിത്യൻ (നാല്), ആയയായിരുന്ന ലത എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരു കുട്ടിയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. കിഡ്സ് വേൾഡ് എന്ന ഡേ കെയർ സ്ഥാപനത്തിന്‍റെ ബസാണ് കുളത്തിലേക്ക് മറിഞ്ഞത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറിൽ നിന്നും വാഹനം പുറപ്പെട്ടത്. ആറു കുട്ടികളെ വീടുകളിൽ എത്തിച്ച ശേഷം മരിച്ച രണ്ടു പേരെയും കൂടി ഇറക്കാൻ പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച വാഹനം റോഡിൽ നിന്നും തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു.

അപകടവിവരം അറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ ഫയർഫോഴ്സും പോലീസും എത്തി. മറിഞ്ഞ വാഹനത്തിൽ നിന്നും കുട്ടികളെയും ആയയെയും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related posts