സണ്ണി ലിയോണിനെ പോണ്‍ നായിക എന്ന ലേബലില്‍ ഇപ്പോഴും കാണാന്‍ ശ്രമിക്കുന്നത് മനസില്‍ യാഥാസ്ഥിതിക ചിന്തകള്‍ ഉള്ളതുകൊണ്ട്; കപട പുരോഗമനവാദികള്‍ക്കെതിരേ തുറന്നടിച്ച് ഹാര്‍ദിക് പട്ടേല്‍

ഇന്‍ഡോര്‍: പലരുടെയും പുരോഗമനവാദം പുറമേയുള്ളൂവെന്നും ഉള്ളില്‍ യാഥാസ്ഥിതക ചിന്തകള്‍ ഉറഞ്ഞു കിടക്കുകയാണെന്നും പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. അതിനുള്ള ഉദാഹരണമാണ് ബോളിവുഡ് താരം സണ്ണി ലിയോണിനോടുള്ള സമീപനമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ബഹുമാനം അര്‍ഹിക്കുന്ന നടിയാണ് സണ്ണി ലിയോണും. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തുകൊണ്ടാണ് സണ്ണി ലിയോണിനെ അവരുടെ പഴയ ഇമേജില്‍ മാത്രം കാണാന്‍ ശ്രമിക്കുന്നത്. പ്രമുഖ നടിമാരായ നര്‍ഗീസിനെയും ശ്രീദേവിയേയും മാധുരി ദീക്ഷിതിനേയും പോലെ അവരെയും സ്വീകരിക്കണം. സണ്ണി ലിയോണെ ഒരു പോണ്‍ നായിക എന്ന ലേബലില്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍ നമ്മുടെ രാജ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല’ പട്ടേല്‍ പറഞ്ഞു. ബിജെപിയ്‌ക്കെതിരേയും ഹാര്‍ദിക് ആഞ്ഞടിച്ചു. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ അടുത്തമാസം മധ്യപ്രദേശിലുടനീളം യാത്ര എന്ന പേരില്‍ കാമ്പയ്ന്‍ നടത്താനാണ് ഹാര്‍ദിക്കിന്റെ നീക്കം.

Related posts