പാലക്കാട്: നടന് വിനായകന് കല്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന പ്രചാരണം തള്ളി ക്ഷേത്രം ഭാരവാഹികള്‍. 13ന് രാത്രി പതിനൊന്നോടെയാണ് വിനായകന് എത്തുന്നത്. കല്പാത്തി ജംഗ്ഷനില്‍ വാഹനം നിര്‍ത്തി ഇറങ്ങിവരികയായിരുന്നു.
എന്നാല്‍, തൊപ്പിയും ബര്‍മുഡയുമൊക്കെ ധരിച്ചുവന്ന വിനായകനെ പെട്ടെന്ന് നാട്ടുകാര്‍ക്കു തിരിച്ചറിയാനായില്ല. ആരാണെന്നു ചോദിച്ചപ്പോള്‍, അത് ഇഷ്ടപ്പെടാതിരുന്ന വിനായകന് ബഹളം വയ്ക്കുകയായിരുന്നു. അടച്ച നട തുറന്ന് ഇപ്പോള്‍ത്തന്നെ ഭഗവാനെ കാണണമെന്ന് വിനാ യകൻ ആവശ്യപ്പെട്ടു. തുടര്‍ന്നു ബഹളമായപ്പോഴാണ് പോലീസ് എത്തിയത്.
പോലീസുകാര്‍ക്ക് കാര്യം മനസിലായപ്പോള്‍ എല്ലാവരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. രാത്രി 11 കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്നു മാത്രമാണ് അറിയിച്ചത്. അതല്ലാതെ മറ്റു തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍, രാത്രി 10.30 കഴിഞ്ഞ് കല്പാത്തിയിലെത്തിയ ചലച്ചിത്രതാരം വിനായകനു കല്പാത്തി ക്ഷേത്രത്തില്‍ വിലക്കേര്പ്പെടുത്തിയെന്നാണു വാര്‍ത്തകള്‍ പ്രചരിച്ചത്. തനിക്കു ദര്‍ശനം നടത്തണമെന്നു വിനായകന് ആവശ്യപ്പെടുന്ന വീഡിയോയും പുറത്തു വന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം തികച്ചും അവാസ്തവമെന്നാണ് വാര്‍ഡ് മെമ്പര്‍ സുഭാഷ് കല്പാത്തി പറയുന്നത്.
ക്ഷേത്രപരിസരത്തുവച്ച് പ്രദേശവാസിയായ ഒരാളോടു വിനായകന് കയര്‍ത്തെന്നും പറയുന്നു. വിനായകന് വിളിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയാണു രംഗം ശാന്തമാക്കിയത്. സംഭവം വൈറലായതിനുപിന്നാലെ പ്രതികരണവുമായി താരംതന്നെ രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം. അയ്യങ്കാളിയെയും അയ്യങ്കാറെയും തമ്മിൽ അടിപ്പിച്ച് ഇനിയും കുടുംബം പോറ്റാൻ നോക്കണ്ട. സർവത്ര ശിവം എന്നാണ് വിനായകൻ കുറിച്ചത്.