തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും ഞായറാഴ്ച 20 സെന്റീമീറ്റർ വരെയുള്ള തീവ്ര മഴയ്ക്കുമാണ് സാധ്യത. കനത്ത മഴയ്ക്കൊപ്പം ഈ ദിവസങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളതീരത്ത് അടുത്ത 24 മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.