നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു; മരണവുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ നിന്നു കാണാതായി; മുക്കിയത് ശ്രീനാഥിനെതിരേ പടയൊരുക്കം നടത്തിയവര്‍ തന്നെ…

sree500 കൊച്ചി : നടന്‍ ശ്രീനാഥ് മരിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പൊലീസ് സ്‌റ്റേഷനില്‍നിന്ന് കാണാതായി. ഏഴു വര്‍ഷം മുമ്പായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം. ഇതിന് പിന്നില്‍ സിനിമാക്കാരുടെ ഇടപെടലുകളുണ്ടെന്ന്് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.  ഇതിന്റെ വിവരങ്ങള്‍തേടി ഒരുമാസംമുമ്പ് വിവരാവകാശം നല്‍കിയവര്‍ക്ക് ഇപ്പോള്‍ രേഖകള്‍ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നല്‍കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് കള്ളക്കളികള്‍ സജീവമാണെന്ന സംശയം വീണ്ടും സജീവമാകുന്നത്.

ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് പലരും സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ശ്രീനാഥിന്റെ ഭാര്യ പരാതിയും നല്‍കി. എന്നാല്‍ ഒന്നും നടന്നില്ല. താര സംഘടനയായ അമ്മയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണമാണ് എല്ലാം തകിടം മറിച്ചതെന്ന വാദവും സജീവമായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ ശ്രീനാഥിന്റെ മരണവും ചര്‍ച്ചയാകുകയാണ്. താര സംഘടനയില്‍ അംഗമാകണമെങ്കില്‍ ഒരു ലക്ഷം രൂപ കൊടുക്കണം അല്ലെങ്കില്‍ വിലക്കും എന്നാണ് സിനിമാ രംഗത്തെ ചില പ്രമുഖര്‍ ശ്രീനാഥിനോടു പറഞ്ഞിരുന്നത്. ശ്രീനാഥിന്റെ മരണത്തിനു കാരണവും ഇതാണെന്നാണ് സൂചന.

2010 മെയ് മാസത്തില്‍ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനംചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു. മറ്റു ദുരൂഹതകള്‍ ഒന്നുമില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ആരോപണം നീണ്ടതോടെ ശ്രീനാഥിന്റെ മരണവും ചര്‍ച്ചയാവുകയായിരുന്നു.ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ പിന്നീട് ആരോപിച്ചു. ആത്മഹത്യ ചെയ്യാന്‍ മാത്രം എന്തെങ്കിലും പ്രശ്‌നമുള്ളതായി മരണത്തിന് രണ്ടു ദിവസം മുമ്പുള്ള ഫോണ്‍ സംഭാഷണത്തില്‍ പോലും ശ്രീനാഥ് ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും ഭാര്യ ലത പറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ശ്രീനാഥ് എന്നോട് വളരെ സന്തോഷത്തോടെയാണ് ഫോണില്‍ സംസാരിച്ചത്. അങ്ങനെ ഒരാള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കൊലപാതകമാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ ദുരൂഹമരണത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയണം. ശ്രീനാഥിന്റെ മരണം ‘ശിക്കാര്‍’ സിനിമയുമായി ബന്ധമുള്ള ആരും വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. ആശ്വസിപ്പിക്കാന്‍ വീട്ടില്‍ ആരും വന്നില്ല  ഇതായിരുന്നു അന്ന് ലതയുടെ പ്രതികരണം. സിനിമയിലെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതില്‍ ശരിയുണ്ടെന്ന് സിനിമാക്കാരും ഇപ്പോള്‍ സമ്മതിക്കുന്നു.

ശിക്കാര്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ തന്നെയാണ് ശ്രീനാഥിന്റെ ജീവനെടുത്തതെന്നാണ് അദ്ദേഹത്തിന്റെ വീട്ടുകാരുടെയും വിശ്വാസം. ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന നടന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന അഭിപ്രായം ഇപ്പോള്‍ ശക്തമാവുകയാണ്.

Related posts