കമലിന്റെ താര രാഷ്ട്രീയത്തിന് തമിഴകത്ത് വലിയ ഭാവിയില്ല ! ‘ഉലകനായക’നെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് ഗൗതമി…

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മക്കള്‍ നീതിമയ്യത്തിന്റെ(എംഎന്‍എം) സ്ഥാപകന്‍ കമല്‍ഹാസനെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് നടിയും ബിജെപി താരപ്രചാരകയുമായ ഗൗതമി.

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് കമല്‍ ജനവിധി തേടുന്നത്. കമലിന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും ഗൗതമി ഒരു മാധ്യമത്തോടു പറഞ്ഞു.

ചെന്നൈയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഹാര്‍ബര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണു ഗൗതമി സംസാരിച്ചത്.

ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ് ഗൗതമി.

സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നു രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി നടി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു. നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളും താരം നിഷേധിച്ചു.

ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. വിരുദ്‌നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ അണ്ണാ ഡിഎംകെ സീറ്റ് വിട്ടു കൊടുത്തില്ല.

Related posts

Leave a Comment