സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു ! ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു; കവിത മോഷണത്തില്‍ ശ്രീചിത്രനെയും ദീപാ നിശാന്തിനെയും കണക്കറ്റു ട്രോളി അഡ്വ.ജയശങ്കര്‍…

കവിതാ മോഷണ വിവാദത്തില്‍ പെട്ട് നാണംകെട്ടു നില്‍ക്കുന്ന സംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രനെയും കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്തിനെയും കണക്കറ്റു പരിഹസിച്ച് അഡ്വ എ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അഡ്വ എ ജയശങ്കര്‍ ഇരുവരെയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചില്ലുമേടയിലിരുന്നെന്നെ
കല്ലെറിയല്ലേ…കല്ലെറിയല്ലേ

ഇഷ്ടപ്പെട്ട ഒരു കവിത പകര്‍ത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവള്‍ ‘ഇതാരെഴുതിയതാണ്’ എന്നു ചോദിക്കുമ്പോള്‍ വെറുതെ ഒരു ഗമയ്ക്ക് ‘ഞാന്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുത്തിക്കുറിച്ചതാണ്’ എന്ന് പുളു പറയുക, ‘ഇത് ഞാന്‍ എടുത്തോട്ടേ’ എന്നവള്‍ ചോദിക്കുമ്പോള്‍ ‘അതിനെന്താ’ എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക- ഇതൊന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റകരമല്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല.

വിശ്വസിച്ചു കവിത വാങ്ങിയ കൂട്ടുകാരി സ്വന്തം പേരില്‍ അത് പ്രസിദ്ധീകരിച്ചതും ചില കുബുദ്ധികള്‍ അതു കണ്ടുപിടിച്ചു കുണ്ടാമണ്ടിയാക്കിയതും കാലദോഷമെന്നേ പറയാവൂ.ആ ഘട്ടത്തില്‍, സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു. ആ മര്യാദയും കാണിച്ചില്ല. ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു. അങ്ങനെ നായികക്കൊപ്പം നായകനും കുടുങ്ങി.

കുടിപ്പളളിക്കൂടത്തില്‍ കൂടെ പഠിച്ചവര്‍ മുതല്‍ നായകനെതിരെ ആരോപണവുമായി രംഗത്തുവന്നു കഴിഞ്ഞു. പ്രളയാനന്തര കേരളത്തില്‍ നവോത്ഥാന നായകന്‍ നടത്തിയ കുതിച്ചു കയറ്റത്തില്‍ അസൂയ പൂണ്ടവരാണ് കുറച്ചു പേര്‍; നവോത്ഥാന മൂല്യങ്ങളെ തല്ലിക്കൊഴിക്കാന്‍ തുനിഞ്ഞിറങ്ങിയ വിരുദ്ധന്മാരാണ് ബാക്കിയുളളവര്‍.ഈ ദുരാരോപണം കൊണ്ടൊന്നും നവോത്ഥാനത്തെ തളര്‍ത്താം എന്നാരും കരുതേണ്ട. ശബരിമലയില്‍ യുവതീ പ്രവേശനം ഉറപ്പാകും വരെ പോരാട്ടം തുടരും. അടുത്ത മകരവിളക്കിന് നായികാ നായകന്മാര്‍ കൈകോര്‍ത്തു പിടിച്ചു മലചവിട്ടും.
സ്വാമിയേ ശരണമയ്യപ്പ

Related posts