സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ അതിരൂക്ഷമായ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വിദേശ രാജ്യങ്ങളിൽ നിന്നൊഴുകിയെത്തിയ ജീവൻ രക്ഷാ ഉപകരണങ്ങളും അവശ്യ മരുന്നുകളും ദിവസങ്ങൾ കഴിഞ്ഞിട്ടും വിതരണത്തിനു തയാറായിട്ടില്ല.
ഓക്സിജൻ മെഷീനുകളും ജീവൻ രക്ഷാ മരുന്നുകളും ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ സഹായങ്ങളാണ് കസ്റ്റംസ് നടപടിക്രമങ്ങളുടെ പേരിൽ വിതരണം ചെയ്യാനാകാതെ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കെട്ടിക്കിടക്കുന്നത്.
ഓക്സിജൻ കോണ്‍സെൻട്രേറ്ററുകളും റെംഡിസീവറും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുമായി ഇരുപതോളം വിമാനങ്ങളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് ഇതിനോടകം എത്തിയത്.
എന്നാൽ, കസ്റ്റംസ് നടപടിക്രമങ്ങളും മറ്റു പ്രശ്നങ്ങളും കാരണമാണ് ഇവ വിതരണത്തിന് തയാറാകാത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതിനിടെ വിമർശനങ്ങൾ രൂക്ഷമായതോടെ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ സഹായങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കൈമാറുകയോ അയയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കി.
31 സംസ്ഥാനങ്ങളിലെ 38 ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഈ സഹായങ്ങൾ എത്തിച്ചു എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
വിദേശങ്ങളിൽ നിന്നെത്തുന്ന സഹായ സാമഗ്രികളുടെ കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി അടിസ്ഥാന കസ്റ്റംസ് തീരുവകൾ നീക്കം ചെയ്തു.
കോവിഡ് പ്രതിരോധത്തിനായുള്ള വസ്തുക്കളുടെ ആരോഗ്യ സെസും നീക്കം ചെയ്തു. ഓക്സിജൻ കോണ്‍സെൻട്രേറ്റ് ഉൾപ്പെടെയുള്ളവയുടെ ഐജിഎസ്ടി 28 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി കുറച്ചുവെന്നും കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറയുന്നു.
വിദേശത്തു നിന്നെത്തുന്ന സഹായങ്ങൾ ആദ്യം സർക്കാർ ആശുപത്രികൾക്കു കൈമാറും. തുടർന്ന് അവിടങ്ങളിൽ നിന്നു സൗജന്യമായി വിതരണം ചെയ്യാനുമാണ് പദ്ധതിയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
യുകെയിൽ നിന്നെത്തിയ ഓക്സിജൻ സിലിണ്ടറുകൾ ഡൽഹിയിലെ ലേഡി ഹാർഡിംഗ്, സഫ്ദർ ജംഗ്, എയിംസ്, അഹമ്മദാബാദ്, പാറ്റ്ന സർക്കാർ ആശുപത്രികളിലേക്കും അയയ്ക്കുമെന്നാണ് നേരത്തേ പറഞ്ഞത്.
അവശ്യ മരുന്നുകൾക്ക് പുറമേ 20 വിമാനങ്ങളിലായി എത്തിയ സഹായങ്ങളിൽ 900 ഓക്സിജൻ സിലിണ്ടറുകളും 1600 കോണ്‍സെൻട്രേറ്ററുകളും1217 വെന്റിലേറ്ററുകളുമുണ്ട്.
വിമാനത്താവളങ്ങളിൽ നിന്ന് ഇവ വാഹനങ്ങളിൽ നിന്ന് നിർദിഷ്ട സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നും തന്നെ ഇന്നലെ വരെ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.
യുദ്ധകാലാടിസ്ഥാനത്തിൽ ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾ ഏറ്റെടുത്തു വിതരണം ചെയ്യണമെന്ന് മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മാക്സ് ആശുപത്രിയിലേക്കുള്ള 3000 ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാത്തതു കാരണം മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.
കോവിഡ് അനുബന്ധ മരുന്നുകളുടെയും ഉപകരണങ്ങളുടെയും അടിയന്തര വിതരണത്തിനായി കേന്ദ്ര ധനകാര്യ മന്ത്രാലയവും സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസും ഇന്നലെ മുതൽ ഒരു ഓണ്‍ലൈൻ ഫോം ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയിൽ നിന്നയച്ച സാമഗ്രികൾ ഇന്ത്യയിൽ എത്തിയെന്നും എന്നാൽ ഏറ്റെടുക്കാൻ ആരെത്തുമെന്ന് വിവരം ലഭിക്കാത്തതിനാൽ രണ്ടു ദിവസമായി കെട്ടിക്കിടക്കുകയാണെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതു സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകിയത്.
കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ ഇന്ത്യയിലേക്ക് മരുന്നുകൾ ഉൾപ്പെടെ അടിയന്തര സഹായം എത്തിക്കാമെന്ന് നാൽപതോളം രാജ്യങ്ങളാണ് വാഗ്ദാനം നൽകിയത്.
ഇതനുസരിച്ച് ആദ്യ സഹായവുമായി വിമാനങ്ങൾ ഏപ്രിൽ 25നു തന്നെ സിംഗപ്പൂരിൽനിന്ന് എത്തിയിരുന്നു.
എന്നാൽ വിദേശ സഹായങ്ങൾ എത്തി ഏഴു ദിവസത്തിന് ശേഷം മാത്രമാണ് ഇവ വിതരണം ചെയ്യാനുള്ള മാർഗനിർദേശങ്ങൾ എങ്കിലും കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമായി ആശുപത്രികളിൽ കൂട്ടമരണങ്ങൾ സംഭവിക്കുന്നതിനിടെയാണ് ഈ അലംഭാവം.
മേയ് രണ്ടിനാണ് വിദേശ സഹായങ്ങൾ സ്വീകരിച്ചു വിതരണം ചെയ്യുന്നതിനായി എച്ച്എൽഎൽ ഹെൽത്ത് കെയറിനെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ചുമതലപ്പെടുത്തിയത്.
വിദേശ സഹായം സ്വീകരിക്കാനും വിതരണം ചെയ്യാനുമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എച്ച്എൽഎൽ ഹെൽത്ത് കെയർ റെഡ്ക്രോസുമായി ചേർന്നാണ് പ്രവർത്തിക്കേണ്ടത്.
റെഡ് ക്രോസ് സൊസൈറ്റിയുടെ കസ്റ്റംസ് ഏജന്റായി പ്രവർത്തിച്ച് വിദേശ സഹായങ്ങൾ ഏറ്റെടുത്തു വിതരണം ചെയ്യേണ്ട ചുമതലയാണ് എച്ച്എൽഎല്ലിനുള്ളത്.