എഐ ലോകത്ത് ജീവിക്കുന്ന നമ്മൾക്ക് ഇന്ന് എല്ലാ കാര്യങ്ങളും പുതുമയുള്ളതായി മാറുന്നു. എന്തിനും ഏതിനും എഐ ആശ്രയിക്കേണ്ടി വരുന്നൊരു ലോകത്തിലേക്കാണ് നമ്മളും മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എഐ നിർമിതമായ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ വസ്ത്രങ്ങളാക്കിയാൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതെങ്ങനെയാകുമെന്ന് കാണിച്ച് തരികയാണ് എഐ. ഇഡലിയുടെ ഷർട്ട്, നല്ല മൊരിഞ്ഞദോശ സാരി, പോപ്കോൺ കൊണ്ടുള്ള ഷാൾ, ഐസ്ക്രീം സ്കൂപ്പുകൊണ്ടുള്ള ബാഗ്, സാൻഡ്വിച്ച് പെട്ടി അങ്ങനെ പോകുന്നു ഭക്ഷണ വസ്ത്രങ്ങൾ.
“നമ്മൾ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമല്ല. ധരിക്കാനും യാത്രകളിൽ കൂടെ കൊണ്ടുപോകാനും കൂടി വേണ്ടിയായിരുന്നെങ്കിലോ?” എന്ന അടിക്കുറിപ്പോടെയാണ് ഏപ്രിൽ 27 ന് ‘hoohoocreations80’ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത്.
മൊരിഞ്ഞ ദോശയിൽ തീർത്ത ഒരു സാരി ധരിച്ച യുവതിയുടെ ദൃശ്യങ്ങളോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. ദോശയുടെ അതേ രൂപവും നിറവുമായാണ് സാരി. അതിലേറെ ആകർഷകമായ കാഴ്ചയാണ് തൊട്ടു പിന്നാലെ വന്ന അടുത്ത ദൃശ്യം. പിങ്ക്, ഓഫ്-വൈറ്റ്, പച്ച നിറങ്ങളിൽ ഉള്ള ഒരു ഐസ്ക്രീം ഹാൻഡ് ബാഗാണ് ഇത്. ഐസ്ക്രീം ഉരുകുന്നത് പോലെ തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ ഭാഗവും ഇതിലുണ്ട്.
ഇഡലിയിൽ തീർത്ത ഷർട്ട് ധരിച്ച ഒരു പുരുഷന്റെ ദൃശ്യമാണ് അടുത്തതായി കാണിക്കുന്നത്. ബ്രെഡ് സാൻഡ്വിച്ച് ട്രോളി ബാഗ്, പാനി പുരി ഗുലാബ് ജാമുൻ എന്നിവയിലുള്ള റിസ്റ്റ് വാച്ചുകൾ, പോപ്കോൺ ഷാൾ, ഉരുളക്കിഴങ്ങ് ലൈസ് കമ്മലുകൾ, ജിലേബി ഹെയർ ക്ലിപ്പ് എന്നിവയും വീഡിയോയിൽ കാണാം. എന്തായാലും വീഡിയോ ഏറെ കൗതുകം ജനിപ്പിക്കുന്നതാണെന്നാണ് മിക്ക ആളുകളും ഇത് കണ്ട് അഭിപ്രായപ്പെട്ടത്.