പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്നെപ്പോലെ കറുത്തിട്ടായിരുന്നു! ദിവസവും നാല് ലക്ഷം രൂപയുടെ കൂണ്‍ കഴിച്ചാണ് അദ്ദേഹം സൗന്ദര്യം വര്‍ദ്ധിപ്പിച്ചത്; മോദിയ്‌ക്കെതിരെ ചില വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പല ശീലങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങള്‍ക്ക് അറിവുള്ളതാണ്. അദ്ദേഹത്തിന്റെ യാത്രാപ്രിയമാണ് അതില്‍ ആളുകള്‍ എടുത്തു പറയുന്ന കാര്യം. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ മറ്റൊരാരോപണവുമായി കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍ രംഗത്തെത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗന്ദര്യം വര്‍ധിപ്പിക്കാനായി ദിവസവും നാലു ലക്ഷം രൂപയുടെ കൂണ്‍ ആണ് കഴിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍ വെളിപ്പെടുത്തിയത്. മോദി തന്നെപ്പോലെ കറുത്തിട്ടായിരുന്നെന്നും ഇറക്കുമതി ചെയ്ത വിലപിടിച്ച കൂണ്‍ ഭക്ഷിച്ചാണ് നരേന്ദ്രമോദി സൗന്ദര്യം വര്‍ധിപ്പിച്ചതെന്നുമാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.

കഴിഞ്ഞദിവസം ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റാലിയില്‍ സംസാരിക്കവേയാണ് അല്‍പേഷ് മോദിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഒരു ദിവസം മോദി കഴിക്കുന്നത് 80000 രൂപ വിലമതിക്കുന്ന കൂണാണ്. പ്രതിദിനം തായ്വാനില്‍ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കൂണാണ് മോദി ഭക്ഷിക്കുക. ഫലത്തില്‍ നാലുലക്ഷം രൂപയാണ് കൂണിന് മാത്രമായി മോദി ചെലവഴിക്കുന്നത്. അല്‍പേഷ് പറഞ്ഞു. മോദിയുടെ 35 വര്‍ഷം മുന്‍പുള്ള ചിത്രം കാണിച്ചാണ് അല്‍പേഷ് താക്കൂര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. രാധ്നാപുര്‍ മണ്ഡലത്തിലെ റാലിയില്‍ സംസാരിക്കവേയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങള്‍.

സാധാരണ ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ് മോദി തന്റെ സൗന്ദര്യ വര്‍ദ്ധനത്തിനായി ചിലവഴിക്കുന്ന തുകയെന്നു പറഞ്ഞ നേതാവ് ആ പാര്‍ട്ടിയിലെ അഴിമതിയുടെ തോത് എത്രയാണെന്ന് ജനങ്ങള്‍ ആലോചിക്കേണ്ടിയിരിക്കുന്നെന്നും പറഞ്ഞു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ അല്‍പേഷ് താക്കൂര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് പിന്നോക്ക, ദളിത് ആദിവാസി നേതാവായ അല്‍പേഷ് താക്കൂര്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്തായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അല്‍പേഷ് താക്കൂര്‍ രാധ്നാപൂരില്‍ നിന്നാണ് ജനവിധി തേടുന്നത്.

Related posts