റോഡില്‍ മുറിവേറ്റ് കുരങ്ങ് ബോധരഹിതനായി ! ഞൊടിയിടയില്‍ കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്, വീഡിയോ വൈറല്‍

നായ്ക്കളുടെ ആക്രമണത്തില്‍ ബോധരഹിതനായ കുരങ്ങിന് കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്.

കൃത്രിമ ശ്വാസവും പ്രാഥമിക ശ്രുശൂഷയും നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് പേരംമ്പലൂരിലാണ് സംഭവം. നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കുരങ്ങിനെ കടിച്ചുമുറിവേല്‍പ്പിക്കുന്ന കാഴ്ച കണ്ടാണ് 38 കാരനായ പ്രഭു വണ്ടിനിര്‍ത്തുന്നത്.

എട്ടുമാസം മാത്രം പ്രായമുള്ള കുരങ്ങായിരുന്നു അത്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ കുരങ്ങ് താഴേക്ക് വീഴുകയായിരുന്നു.

നായ്ക്കളെ ഓടിച്ച് കുരങ്ങിനെ എടുത്തപ്പോള്‍ അതിന് ബോധമില്ലായിരുന്നു. വെള്ളം കൊടുത്ത് തട്ടിവിളിച്ചപ്പോഴും അനക്കമില്ലാതെ കിടന്നു.

തുടര്‍ന്ന് കുരങ്ങിനെ മൃഗാശുപത്രിയിലെത്തിക്കാന്‍ പ്രഭു സുഹൃത്തിനൊപ്പം ബൈക്കില്‍ പുറപ്പെട്ടു.
യാത്രക്കിടയിലാണ് കുരങ്ങിന് ശ്വാസം പോകുന്നതായി കണ്ടത്.

ഉടനെ വണ്ടി നിര്‍ത്തി കുരങ്ങിന്റെ നെഞ്ചില്‍ അമര്‍ത്തുകയും രണ്ടുമൂന്ന് തവണ വായകൊണ്ട് കൃത്രിമ ശ്വാസം നല്‍കുകയുമായിരുന്നു.

പെട്ടെന്ന് കുരങ്ങിന് ശ്വാസം തിരിച്ചു കിട്ടുകയായിരുന്നു. ഉടന്‍ തന്നെ കുരങ്ങിനെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു.

സുഖം പ്രാപിച്ച കുരങ്ങിനെ വനം വകുപ്പിന് കൈമാറുകയും ചെയ്തു. 2010ല്‍ തഞ്ചാവൂരില്‍ നിന്ന് പ്രഥമശുശ്രൂഷ കോഴ്‌സ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് പ്രഭു.

മനുഷ്യനെ അടിയന്തര ഘട്ടങ്ങളില്‍ എങ്ങനെ രക്ഷപ്പെടുത്താമോ അതുപോലെ തന്നെ മൃഗങ്ങളെയും രക്ഷപ്പെടുത്താമെന്ന് ഇതിലൂടെ തെളിയിക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭക്ഷണത്തിന് വേണ്ടിയാണ് മൃഗങ്ങള്‍ കാട്ടില്‍ നിന്ന് നാട്ടിലേക്ക് വരുന്നത്. അവര്‍ക്ക് കൂടി ഭക്ഷണം നല്‍കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കുരങ്ങിനെ പേവിഷബാധയുള്ള നായ ഏതെങ്കിലും കടിച്ചിട്ടുണ്ടെങ്കില്‍ പ്രഭുവിനും രോഗം വന്നേക്കാമെന്നും അല്ലാത്ത പക്ഷം പ്രശ്‌നമുണ്ടാകില്ലെന്നും വെറ്റിനറി ഡോക്ടര്‍ പ്രഭാകരന്‍ പറഞ്ഞു.

Related posts

Leave a Comment