കല്യാണവീട്ടില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോഴാണ് ആ സുന്ദരിയെ കാണുന്നത്; അന്ന് കല്യാണ വീട്ടില്‍ മിസായ പെണ്‍കുട്ടി ആ ഗ്രൂപ്പ് ഫോട്ടോയില്‍ ചിരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു; സിനിമയെ വെല്ലുന്ന പ്രണയകഥ ഇങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമാണ് ലിജിന്‍ പശുക്കടവ്. ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു കോഴിക്കോട്ടുകാരന്‍ ലിജിനും ഇരിങ്ങാലക്കുടക്കാരി ശില്പയുമായുള്ള നിശ്ചയം നടന്നത്. ഡിസംബര്‍ 15ന് വിവാഹവും നടന്നു.

ഇപ്പോള്‍ ശില്‍പയുമായുള്ള ലിജിന്റെ പ്രണയകഥയാണ് വൈറലാകുന്നത്. കല്യാണവീട്ടില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോഴാണ് അവിടെ എത്തിയ ഒരു സുന്ദരിയെ ലിജിന്‍ കാണുന്നത്. പ്രണയമൊന്നും തോന്നിയില്ലെങ്കിലും മറ്റൊരു പെണ്‍കുട്ടിയിലും കണ്ടിട്ട് ഇല്ലാത്ത എന്തോ പ്രത്യേകത തോന്നി.

സംസാരിക്കണം എന്നും ഉണ്ടായിരുന്നു. പക്ഷെ ഫോട്ടോ എടുത്ത് തിരിച്ചു വരുമ്പോഴേക്കും അവള്‍ പോയിരുന്നു. അവളെ പരിചയപെടാത്തതിന്റെ നഷ്ടബോധം ലിജിനെ അലട്ടി. വീട്ടില്‍ എത്തി തിരക്കില്‍ ആയപ്പോള്‍ പെണ്‍കുട്ടി വിസ്മൃതിയില്‍ ആണ്ടുപോയി.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു പെണ്‍സുഹൃത്ത് വഴി ഒരു യുവതിയുടെ ആലോചന ലിജിനെത്തി. ആ യുവതിയുടെ ചില ചിത്രങ്ങള്‍ ലിജിന് അയച്ചു നല്‍കിയിരുന്നു. ഈ കൂട്ടത്തില്‍ യുവതിയും ചില കൂട്ടുകാരികളും നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു.

ആ ഫോട്ടോ കണ്ടപ്പോള്‍ തനിക്ക് ഉണ്ടായ സന്തോഷം ഈ ലോകത്ത് വേറെ ആര്‍ക്കും ഉണ്ടായിക്കാണില്ല എന്ന് ലിജിന്‍ പറയുന്നു.. കാരണം അന്ന് കല്യാണവീട്ടില്‍ ലിജിന് മിസ്സായ പെണ്‍കുട്ടി ആ ഗ്രൂപ്പ് ഫോട്ടോയില്‍ ചിരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

ലിജിന്‍ ഉടനെ തനിക്ക് കല്യാണാലോചന വന്ന പെണ്‍കുട്ടിയെ വിളിച്ച് കൂട്ടുകാരിയുടെ വിവരങ്ങള്‍ തിരക്കി. ഇരിങ്ങാലക്കുട സ്വദേശി ശില്പയാണ് അതെന്ന് ലിജിന്‍ അങ്ങനെ മനസ്സിലാക്കി. തുടര്‍ന്ന് ശില്‍പയുടെ എഫ്ബി കണ്ടുപിടിച്ച് അവള്‍ക്ക് റിക്വസ്റ്റ് അയച്ചു.

പക്ഷെ ശില്പ അക്‌സപ്റ്റ് ചെയ്തില്ല. രണ്ട് മാസത്തിനു ശേഷം ലിജിന് കല്യാണം ആലോചിച്ച കുട്ടിയുടെ വിവാഹം ആയി. അവളെ മേക്കപ്പ് ചെയ്യാന്‍ എത്തിയത് ശില്പയായിരുന്നു. ഇത് അറിയാവുന്ന ലിജിന്‍ ഈ യുവതിയുടെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫി വന്‍ നഷ്ടത്തില്‍ ഏറ്റെടുത്തു. അവിടെ വെച്ച് ആദ്യമായി ശില്പയോട് ലിജിന്‍ സംസാരിച്ചു.

പതിയെ അത് സൗഹൃദമാക്കി ലിജിന്‍ അത് വളര്‍ത്തിയെടുത്തു. ഒരു ദിവസം ലിജിന്‍ അവളോട് ഇഷ്ടം പറഞ്ഞു. അപ്പോള്‍ ശില്‍പ ഇത് ആണുങ്ങളുടെ സ്ഥിരം സ്വഭാവമാണ് പറഞ്ഞ് ചൂടാവുകയാണ് ചെയ്തത്. എങ്കിലും വീട്ടില്‍ വന്ന് പെണ്ണ് ചോദിക്കാനും അതിന് ധൈര്യം ഉണ്ടോന്ന് വെല്ലുവിളിച്ചു.

തുടര്‍ന്ന് ലിജിന്‍ അവളുടെ വീട്ടില്‍ വിളിച്ചു സംസാരിച്ചു. പക്ഷെ വീട്ടില്‍ നിന്നും അനുകൂല പ്രതികരണം കിട്ടിയില്ല. മകളെ ഇരുന്നൂറ് കിലോമീറ്റര്‍ ദൂരത്തേക്ക് കെട്ടിച്ചയയ്ക്കാന്‍ താല്പര്യം ഇല്ല എന്ന മട്ടില്‍ അവര്‍ സംസാരിച്ചതോടെ ലിജിന്‍ ഇത് നടക്കില്ല എന്ന് ഉറപ്പിച്ചു.

ദിവസങ്ങള്‍ പോയിക്കൊണ്ടിരുന്നു ഇരുവര്‍ക്കും ഇടയില്‍ മെസേജും കോളുകളും ഒക്കെ പതിയെ പതിയെ കുറഞ്ഞുവന്നു. പക്ഷെ പെട്ടന്ന് ഒരു ദിവസം ശില്‍പയെ പെണ്ണ് കാണാന്‍ ചെല്ലാന്‍ വീട്ടില്‍ നിന്നും വിളിച്ചു. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. പെണ്ണുകാണലും നിശ്ചയവും ഒക്കെ കഴിഞ്ഞ് ഡിസംബര്‍ പതിനഞ്ചിന് ശില്‍പ ലിജിന് സ്വന്തമായി. എല്ലാം ഒരു സിനിമാക്കഥ പോലെ.

Related posts

Leave a Comment