ബാക്കിയുള്ളവര്‍ക്ക് ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികള്‍ മാത്രമാണ് നമ്മള്‍ ! മരിക്കുന്നതിനു മുമ്പ് അനന്യ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു…

കൊച്ചിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ അലക്‌സ് മരണത്തിനു തൊട്ടു മുമ്പ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ലിഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും അതിനാല്‍ താന്‍ കടുത്ത ആരോഗ്യ പ്രശ്‌നത്തിലാണെന്നും അനന്യ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു.

അനന്യയുടെ മരണത്തിനു പിന്നാലെയാണ് അവര്‍ മുമ്പു പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ജനവിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് അവര്‍ കുറിപ്പില്‍ പറയുന്നു.

അനന്യയുടെ കുറിപ്പ്…

ജെന്ററും ശരീരവും തമ്മില്‍ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ട്രാന്‍സ്ജെന്റര്‍ വ്യക്തികളോടായിട്ട് ഒന്ന് പറഞ്ഞോട്ടെ. സര്‍ജറി എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും എന്നതില്‍ എനിക്ക് സംശയം ഒട്ടും ഇല്ല. പക്ഷെ സര്‍ജറിയെ നമ്മള്‍ ഏറ്റവും വിവേകത്തോടെ വേണം സമീപിക്കാന്‍. നമ്മള്‍ തിരഞ്ഞെടുക്കുന്ന ആശുപത്രിയും ഡോക്ടര്‍ മാരും ഒക്കെ അത്രമേല്‍ പ്രധാനപെട്ട ഒന്നാണ്. ടഞട സര്‍ജറികള്‍ അനുനിമിഷം പുതിയ നിലവാരത്തിലേക്ക് അന്താരാഷ്ട്ര തലത്തില്‍ ഉയരുകയാണ്. പക്ഷെ നമ്മുടെ നാട്ടില്‍ ഇന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പോലും അത്തരം ഒരു ചികിത്സ ലഭ്യമല്ല. പണം വിഴുങ്ങാന്‍ വേണ്ടി കച്ചകെട്ടി കുറെ സ്വകാര്യ ആശുപത്രികള്‍ കാത്തിരിക്കുന്നും ഉണ്ട്.

നമ്മള്‍ സമീപിക്കുന്ന ഡോക്ടര്‍ ഈ വിഷയത്തില്‍ എത്രമാത്രം സ്‌കില്‍ ഉള്ള ആളാണെന്നും, അയാള്‍ക് എത്രകണ്ടു അനുഭവ സമ്പത്തുണ്ട് എന്നും നമ്മള്‍ വളരെ നന്നായി പരിശോധിക്കേണ്ടത് അത്യാവശ്യം ആണ്. ഡോക്ടര്‍ മാര്‍ക്ക് ചെയ്തു തെളിയന്‍ ഒരാള് കഴിഞ്ഞാല്‍ അടുത്തയാള് വരും നമ്മുക്ക് ജീവിതം ഒന്നേ ഉള്ളു. കേരളത്തില്‍ സൗകര്യം ഇല്ലെങ്കില്‍ ഉറപ്പായും കേരളത്തിന് വെളിയില്‍ സാദ്ധ്യതകള്‍ അന്വേഷിക്കണം.

ഇന്ത്യയില്‍ ഇല്ലെങ്കില്‍ വിദേശത്ത് നോക്കണം. തിരക്ക് കൂട്ടിയത് കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല. കുറച്ചു സമയം എടുത്തായാലും ഏറ്റവും വിശ്വാസമുള്ള ഇടത്തു മാത്രം പോകുക. സര്‍ജറിക്ക് മുന്‍പ് തന്നെ എന്തൊക്കെ ആണ് നമ്മുടെ ശരീരത്തില്‍ അവര്‍ ചെയ്യാന്‍ പോകുന്നത് എന്ന് വിശദമായി തന്നെ ചോദിച്ചു മനസിലാക്കുക. പണ്ട് മരിക്കുമോ ജീവിക്കുമോ എന്നുപോലും ഉറപ്പില്ലാതെ പ്രകൃത സര്‍ജറികള്‍ ഒക്കെ ചെയ്തിരുന്ന ആ കാലം കഴിഞ്ഞു. ലോകം ട്രാന്‍സ്ജെന്റര്‍ ആരോഗ്യത്തില്‍ ബഹുദൂരം പോയി കഴിഞ്ഞു. അതുകൊണ്ട് തന്നെ സമയമെടുത്തു ആലോചിച്ചു ഡോക്ടര്‍ നെയും ആശുപത്രിയെയും തിരഞ്ഞെടുക്കുക.

കൂട്ടുകാരിയോ കൂട്ടുകാരനോ ഒരു സ്ഥലത്തു ചെയ്തു എന്നത് കൊണ്ട് മാത്രം ആരും അവര്‍ ചെയ്ത ആശുപത്രിയോ ഡോക്ടര്‍ നെയോ തിരഞ്ഞെടുക്കേണ്ടതില്ല. ട്രാന്‍സ്ജെന്റര്‍ വ്യക്തികളുടെ ജീവിതവും ശരീരവും ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്ക് മാത്രമാണ് പ്രധാനപെട്ടത്. ബാക്കിയുള്ളവര്‍ക്ക് ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികള്‍ മാത്രമാണ് നമ്മള്‍. അതുകൊണ്ട് നമ്മളെ നമ്മള്‍ തന്നെ സൂക്ഷിക്കുക ??

Related posts

Leave a Comment