ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീ ആരുടെയും സഹായമില്ലാതെ മക്കളെ ലോകമറിയുന്നവരാക്കിയതാണ് അവര്‍ക്ക് സഹിക്കാത്തത്! മല്ലിക സുകുമാരനെ ട്രോളുന്നവരെ പരിഹസിച്ച് നടി അഞ്ജലി

നടന്‍ പൃഥിരാജ് മൂന്നുകോടിയിലധികം വിലയുള്ള ലംബോര്‍ഗിനി എന്ന ആഡംബര വാഹനം വാങ്ങിയതും 41 ലക്ഷത്തോളം രൂപ ടാക്സ് അടച്ചതും വാര്‍ത്തയായിരുന്നു. പൃഥിരാജിനെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനുശേഷം പൃഥിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ തന്റെ മക്കളെക്കുറിച്ചും അവരുടെ വാഹനകമ്പത്തെക്കുറിച്ചും നടത്തിയ ഒരു പ്രസ്താവനയും വൈറലായി.

പൃഥിരാജ് തന്റെ ലംബോര്‍ഗിനി വീട്ടിലേക്ക് കൊണ്ടുവരാത്തത് വഴി മോശമായതിനാലാണെന്നും മല്ലിക പറഞ്ഞിരുന്നു. മല്ലികയുടെ തള്ളലായാണ് പലരും അതിന് വ്യൊഖ്യാനിച്ചത്. സോഷ്യല്‍മീഡിയയില്‍ ഇതു സംബന്ധിച്ച് തര്‍ക്കങ്ങള്‍ അരങ്ങേറുമ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ പരയാനുള്ളത് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ അഞ്ജലി.

അഞ്ജലി പങ്കുവച്ച കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില വ്യക്തികള്‍ അവരുടെ മഹത്തരവും സാമൂഹിക പ്രതിബദ്ധത നിറഞ്ഞതുമായ പേജുകളിലൂടെ ശ്രീമതി ‘മല്ലികാ സുകുമാരനെ’തിരെ നടത്തുന്ന ‘സൈബര്‍ ആക്രമണം’ ആണ് ഇത്തരം ഒരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.

താരങ്ങളുടെ വീടുകളിലെ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ചാനലിലെ പരിപാടി. അതില്‍ ഒരു എപ്പിസോഡില്‍ മല്ലികാ സുകുമാരന്‍ അതിഥിയായി എത്തുന്നു. താനും മക്കളും ഉപയോഗിക്കുന്ന വാഹനങ്ങളെ പറ്റി പറയുന്ന കൂട്ടത്തില്‍ തന്റെ മകന്‍ ‘പൃഥ്വിരാജ്’ വാങ്ങിയ ലംബോര്‍ഗിനിയെ പറ്റിയും സ്വാഭാവികമായും ആ അമ്മ പറയുന്നു. തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് ഇതുവരെ കൊച്ചിയില്‍ നിന്നും മകന്‍ കാര്‍ കൊണ്ടുവരാത്തത് വീട്ടിലേയ്ക്കുള്ള വഴി മോശമായത് കൊണ്ടാണെന്നും , വര്‍ഷങ്ങളായി പരാതി പറഞ്ഞ് മടുത്തെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു.

ഇത്രയേ ഉള്ളു സംഭവം. ട്രോളന്മാരും , പേജ് മൊയലാളിമാരും അടങ്ങിയിരിക്കുമോ ? സ്വന്തം മകന് ‘ലംബോര്‍ഗിനി’ ഉണ്ടെന്ന് പറഞ്ഞത് വലിയ അപരാധമാണത്രെ ?? തള്ളാണത്രേ ? അതും വീട്ടിലോട്ടുള്ള വഴി മോശമായി കിടക്കുകയാണെന്ന് പറഞ്ഞാല്‍ അത് വലിയ പൊങ്ങച്ചമാണത്രേ ..? ‘തള്ള് കുറയ്ക്ക് അമ്മായി’ . ‘അമ്മച്ചീ പൊങ്ങച്ചം കാണിയ്ക്കാതെ’ എന്നൊക്കെ പറഞ്ഞ് നമ്മുടെ ട്രോളന്മാര്‍ അങ്ങ് അഴിഞ്ഞാടാന്‍ തുടങ്ങി.

എനിയ്ക്ക് ചോദിക്കാനുള്ളത് ഇത്രയേ ഉള്ളു. വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പരിപാടിയില്‍ അവര്‍ തന്റെ മകന്റെ ലംബോര്‍ഗിനിയെ പറ്റിയല്ലാതെ അപ്പുറത്തെ പറമ്പില്‍ കുലച്ച് നില്‍ക്കുന്ന കുലയെ പറ്റിയാണോ പറയേണ്ടത്? ‘എടേയ് നമുക്കും നമ്മട വീട്ടിലുള്ളവര്‍ക്കും ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ ഗതിയില്ലാത്തതിന്’ അവരെന്ത് പിഴച്ചു ?. അവരുടെ മക്കള്‍ നല്ല രീതിയില്‍ സമ്പാദിയ്ക്കുന്നു . ആ പൈസയ്ക്ക് അവര്‍ ആവശ്യമുള്ളത് വാങ്ങുന്നു. അതവരുടെ കഴിവ്. അതും നോക്കി എല്ലും കഷ്ണം നോക്കി ചളുവ ഒലിപ്പിയ്ക്കുന്ന പട്ടിയെ പോലെ ഇരുന്നിട്ട് കാര്യമില്ല.

പിന്നെ അടുത്ത പാതകം അവര്‍ വീട്ടിലോട്ടുള്ള റോഡ് മോശമാണെന്ന് പറഞ്ഞത്രേ ? പോണ്ടിച്ചേരിയില്‍ കൊണ്ട് പോയി സര്‍ക്കാരിനെ പറ്റിച്ചൊന്നുമല്ലല്ലോ അവര്‍ കാര്‍ വാങ്ങിയത്.റോഡ് ടാക്‌സ് ആയിട്ട് കേരള സര്‍ക്കാരിന് 50 ലക്ഷത്തോളം രൂപ അടച്ചിട്ട് തന്നെയാണ് അവര്‍ വണ്ടി റോഡിലിറക്കിയത്. അപ്പോള്‍ അവര്‍ക്ക് ഈ റോഡ് മോശമാണെന്ന് പറയാനുള്ള എല്ലാ അവകാശമുണ്ട്. ആ റോഡ് നന്നാക്കി കൊടുക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ ഭരണകൂടത്തിനുമുണ്ട്.

വീടിന്റെ മുന്നില്‍ ഒരല്‍പം ചെളി കെട്ടി കിടന്നാല്‍ പുറത്തിറങ്ങാത്തവന്മാരാണ് ഇതിനെതിരെ ട്രോളിട്ട് നടക്കുന്നതെന്നതാണ് ഏറ്റവും വലിയ തമാശ. ഇവിടെ കാറും മല്ലിക സുകുമാരനും പൃഥ്വിരാജുമൊന്നുമല്ല വിഷയം.മലയാളിയുടെ സ്ഥായിയായ അസൂയ, കുശുമ്പ്, ചൊറിച്ചില്‍ എന്നൊക്കെയുള്ള വികാരങ്ങളുടെ മൂര്‍ത്തീഭാവമാണ് മല്ലികാ സുകുമാരനുമേല്‍ എല്ലാവരും കൂടി തീര്‍ക്കുന്നത്. മുമ്പ് ‘ഷീലാ കണ്ണന്താനത്തെ’ ആക്രമിച്ചതും ഇതേ മനോ വൈകല്യങ്ങള്‍ നിറഞ്ഞവരാണ്.

ഭര്‍ത്താവ് നഷ്ട്ടപ്പെട്ട ഒരു സ്ത്രീ തന്റെ രണ്ട് മക്കളെയും ആരുടെയും കാല് പിടിയ്ക്കാതെ കഷ്ടപ്പെട്ട് വളര്‍ത്തുക, ആ രണ്ട് മക്കളും ലോകമറിയുന്ന നിലയില്‍ വളരുക, എതിരാളികളെ പോലും ആരാധകരാക്കി മാറ്റുക , ആ അമ്മയ്ക്ക് അഭിമാനമായി മാറുക.. ശോ .. ഇതെങ്ങനെ ഞങ്ങള്‍ മലയാളികള്‍ സഹിക്കും…ഞാന്‍ നന്നായില്ലേലും കുഴപ്പമില്ല.. എന്റെ അയല്‍വാസി നശിക്കണേ എന്റെ ദൈവമേ …

 

Related posts