ബില്‍ ഗേറ്റ്‌സ് നമ്മള്‍ വിചാരിച്ചിരുന്ന ആളല്ല സാര്‍ ! ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത് ജീവനക്കാരിയുമായുള്ള വഴിവിട്ട ബന്ധം പുറത്തു വന്നതിനെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്…

ലോകത്തെ ഏറ്റവും വലിയ പണക്കാരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ഗേറ്റ്‌സിന്റെ വിവാഹമോചന വാര്‍ത്ത ലോകമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്.

ഈ വിവാഹമോചനത്തിനു കാരണം തേടി പല മാധ്യമങ്ങളും തലപുകയ്ക്കുകയും ചെയ്തു. ബാലപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി ബില്‍ ഗേറ്റ്‌സിനുണ്ടായിരുന്ന ബന്ധമാണ് ഭാര്യ മെലിന്‍ഡയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പലരും വ്യാഖ്യാനിച്ചത്.

ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്തു വരികയാണ്.

മുമ്പ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഗേറ്റ്‌സ് രാജിവെച്ചിരുന്നു. ഇത് അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2020 മാര്‍ച്ച് 20-നാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ണായക സ്ഥാനത്തുനിന്നുള്ള പടിയിറക്കമെന്നായിരുന്നു വിശദീകരണം.

സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ബില്‍ ഗേറ്റ്‌സിന്റെ ഈ വാക്കുകള്‍ ആരും അവിശ്വസിച്ചതുമില്ല. എന്നാല്‍, മൈക്രോസോഫ്റ്റ് കമ്പനിയിലെ ജീവനക്കാരിയുമായി ബില്‍ ഗേറ്റ്സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തില്‍ കമ്പനി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുന്‍പാണ് അദ്ദേഹം പിന്മാറിയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായ ജീവനക്കാരിയുമായുള്ള ബന്ധം നിലനില്‍ക്കെ കമ്പനി ബോര്‍ഡ് അംഗമായി ബില്‍ ഗേറ്റ്സ് തുടരുന്നത് ശരിയല്ലെന്ന് ബോര്‍ഡ് വിലയിരുത്തിയിരുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മൈക്രോസോഫ്റ്റ് ജീവനക്കാരി തന്നെയാണ് തനിക്ക് നേരത്തെ ബില്‍ ഗേറ്റ്സുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കത്ത് മുഖേന കമ്പനി ബോര്‍ഡിനെ അറിയിച്ചത്. തുടര്‍ന്ന് 2019-ലാണ് ബില്‍ ഗേറ്റ്സിനെതിരെ കമ്പനി അന്വേഷണം ആരംഭിച്ചത്.

അന്വേഷണം നടക്കുന്നതിനാല്‍ ഡയറക്ടര്‍ സ്ഥാനത്ത് ബില്‍ ഗേറ്റ്സ് തുടരുന്നത് ധാര്‍മികമല്ലെന്ന് ചില ബോര്‍ഡ് അംഗങ്ങള്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുന്‍പ് ബില്‍ ഗേറ്റ്സ് ബോര്‍ഡില്‍നിന്ന് രാജിവെക്കുകയായിരുന്നു.

ജീവനക്കാരി കമ്പനിയ്ക്ക് അയച്ച കത്തില്‍ ഗേറ്റ്‌സുമായി അവര്‍ 2000 മുതല്‍ തന്നെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്.

കത്ത് പരാതിയായി പരിഗണിച്ച് സംഭവം അന്വേഷിക്കാന്‍ കമ്പനിക്ക് പുറത്തുള്ള നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തി. അന്വേഷണ കാലയളവില്‍ മുഴുവന്‍ ജീവനക്കാരിക്ക് മികച്ച പിന്തുണയാണ് കമ്പനി നല്‍കിയതെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബില്‍ ഗേറ്റ്സ് രാജിവെച്ചതിനും ഈ അന്വേഷണത്തിനും തമ്മില്‍ ബന്ധമില്ലെന്ന് കമ്പനിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ പറഞ്ഞു.

ഏതാണ്ട് ഇരുപത് വര്‍ഷം മുന്‍പ് ഉണ്ടായ ബന്ധമാണ് അവരുടേത്. വളരെ സൗഹാദര്‍ദപരമായാണ് അത് അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും ബില്‍ഗേറ്റ്‌സ് എന്ന ബിംബത്തിന് വളരെ മങ്ങലുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Related posts

Leave a Comment