കമലിന്റെ അസഹിഷ്ണുതയ്ക്ക് ഫേസ്ബുക്കും അവസാനം പണികൊടുത്തു, ആമിയുടെ നീക്കം ചെയ്ത നെഗറ്റീവ് റിവ്യൂകള്‍ ഫേസ്ബുക്ക് പുനസ്ഥാപിച്ചു, കമലിനും ആമിക്കും തിരിച്ചടി തുടരുന്നു

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആമി. വലിയ കോളിളക്കത്തോടെ എത്തിയെങ്കിലും തിയറ്ററില്‍ വേണ്ടത്ര കൈയടികള്‍ നേടാന്‍ ആമിക്കായില്ല. ഇതോടെ മാധ്യമങ്ങളും സിനിമ നിരൂപകരും ചിത്രത്തിന് നെഗറ്റീവ് റിവ്യുകളുമായി സോഷ്യല്‍മീഡിയയില്‍ നിറയുകയും ചെയ്തു. സംവിധായകന്‍ കമലും നിര്‍മാതാക്കളും ഇതിനെതിരേ ഫേസ്ബുക്കിനെ സമീപിക്കുകയും നെഗറ്റീവ് റിവ്യൂകള്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിപ്പിക്കുകയും ചെയ്തു. കമലിന്റെയും കൂട്ടരുടെയും ഈ പ്രവൃത്തിക്കെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. ആവിഷ്‌കാര സ്വാതന്ത്രത്തിനായി വാദിച്ച കമലിന്റെ തനിനിറം പുറത്തായെന്ന രീതിയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ ഫേസ്ബുക്കും കമലിന് വലിയ പണികൊടുത്തിരിക്കുകയാണ്.

ചിത്രത്തിന്റെ നെഗറ്റീവ് റിവ്യൂകള്‍ വീണ്ടും പുനസ്ഥാപിച്ചാണ് ഫേസ്ബുക്കും ആമിയെ ചതിച്ചത്. തങ്ങളെ സിനിമയുടെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. സിനിമയെക്കുറിച്ച് എഴുതിയ വിമര്‍ശനം ബൗദ്ധിക സ്വത്തവകാശ ലംഘനമെന്ന് പേരില്‍ നീക്കം ചെയ്ത നടപടിയില്‍ ഫെയ്‌സ്ബുക്ക് മാപ്പുപറഞ്ഞു. നീക്കം ചെയ്ത കുറിപ്പ് പുന: സ്ഥാപിക്കുകയും ചെയ്തു. സിനിമാനിരൂപകനുമായ ഇ.വി. ഷിബു െേഫസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് സിനിമാനിര്‍മാതാക്കളായ റിയല്‍ ആന്‍ഡ് റിയല്‍ കമ്പനി ബൗദ്ധിക സ്വത്തവകാശ ലംഘനമെന്ന പരാതി നല്‍കി നീക്കിയത്.

മൂന്നാംകക്ഷി തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ നീക്കിയതെന്നും കുറിപ്പ് പുന:സ്ഥാപിക്കുകയാണെന്നും അറിയിച്ചുകൊണ്ട് ഇ.വി. ഷിബുവിന് അയച്ച ഇമെയിലില്‍ ഫേസ്ബുക്ക് വ്യക്തമാക്കി. സംഭവത്തില്‍ ഫേസ്ബുക്ക് ഇ മെയിലിലൂടെ മാപ്പ് പറഞ്ഞിട്ടുമുണ്ട്. ചലച്ചിത്രസംവിധായകനായ വിനോദ് മങ്കരയും മറ്റുചിലരും സിനിമയെക്കുറിച്ച് എഴുതിയ വിമര്‍ശനവും പരാതിയെത്തുടര്‍ന്നു നീക്കം ചെയ്തിരുന്നു. സിനിമയോടുള്ള വിമര്‍ശനത്തില്‍ അസ്വസ്ഥരായ അണിയറക്കാര്‍ ബൗദ്ധികസ്വത്തവകാശ ലംഘനമെന്ന വ്യാജപരാതിയിലാണ് ഇത്തരം കുറിപ്പുകള്‍ നീക്കിയത്. എന്നാല്‍ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയ്‌ക്കെതിരേ വ്യാപകപ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ മനംമാറ്റം.

Related posts