അന്ന് സ്റ്റുഡിയോയില്‍ പോയപ്പോള്‍ 350 രൂപയുടെ ചുരിദാറാണ് ധരിച്ചിരുന്നത്! ബാക്കിയുള്ളവരെ കണ്ടപ്പോള്‍ ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്നുപോയി; സിനിമയിലെത്തിയ വഴികളെക്കുറിച്ച് നടി അനുശ്രീ പറയുന്നതിങ്ങനെ

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. അഭിനയത്തിലെ മികവിനോടൊപ്പം അനുശ്രീയുടെ എളിമയാണ് ആരാധകര്‍ ഈ നടിയില്‍ കണ്ടെത്തിയിട്ടുള്ള മറ്റൊരു ഗുണം.

സെറ്റില്‍ ഭക്ഷണമുണ്ടാക്കുന്നവരോടൊപ്പം അവരെ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ അടുത്തകാലത്ത് വലിയ രീതിയിലുള്ള അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. താന്‍ സിനിമയിലേയ്‌ക്കെത്തിയതെങ്ങനെ, അന്നത്തെ തന്റെ അവസ്ഥ എന്തായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍ വിശദമാക്കുകയാണ് അനുശ്രീയിപ്പോള്‍. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അനുശ്രീ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അനുശ്രീയുടെ വാക്കുകളിങ്ങനെ…

റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് കടന്നത്. ആ ഷോയുടെ ലോഞ്ച് നവോദയ സ്റ്റുഡിയോയിലാണ് നടന്നത്. അന്നാണ് ഞാന്‍ മറ്റ് മത്സരാര്‍ത്ഥികളെ ആദ്യമായി കാണുന്നത്. ഒഡിഷന്‍ സമയത്ത് ഏറ്റവും അവസാന ഘട്ടത്തിലാണ് ഞാന്‍ പോയത്. അപ്പോഴേക്കും എല്ലാവരും സെലക്ട് ആയിരുന്നു.

അതുകൊണ്ട് മറ്റ് മത്സരാര്‍ത്ഥികളെ കാണാന്‍ അവസരം കിട്ടിയിരുന്നില്ല. അന്ന് എന്റെ വീട്ടില്‍ കാറില്ല. എന്റെ സുഹൃത്തിന്റെ കാറിലാണ് ഞാനും അമ്മയും സ്റ്റുഡിയോയിലേക്ക് പോയത്. അന്ന് പോകാന്‍ നല്ല വസ്ത്രം പോലും ഞാന്‍ വാങ്ങിയിരുന്നില്ല. എല്ലാം പെട്ടെന്നായിരുന്നു.

എന്റെ നാട്ടില്‍ മോഡേണ്‍ എന്ന് പറയുന്നത് ഒരു ജീന്‍സും അണ്ണന്റെ ടീഷര്‍ട്ടുമിട്ടാല്‍ മതി. അങ്ങനെയിട്ടതിന് അവള്‍ വലിയ ജീന്‍സും ടോപ്പും ഇട്ട് നടക്കുന്നുവെന്ന് പേരുകേട്ടിട്ടുള്ള ആളാണ് ഞാന്‍. അതില്‍ സ്ലീവ്ലെസ് എന്ന് കേട്ടാല്‍ തീര്‍ന്നു. ഡയമണ്ട് നെക്ലസ് എന്ന സിനിമ കഴിഞ്ഞ ശേഷമാണ് ഞാന്‍ സ്ലീവ്ലെസ് വസ്ത്രങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. എന്റെ വീട്ടില്‍ അതിന് സമ്മതിക്കില്ലായിരുന്നു.

അന്ന് പരിപാടിക്ക് പോകുമ്പോള്‍ ഒരു ചുരിദാറാണ് ധരിച്ചത്. 350 രൂപയേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പോഴും ഞാന്‍ ഓര്‍മയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്ന് 120 രൂപയുടെ ചെരുപ്പാണ് വീട്ടില്‍ വാങ്ങിത്തരുന്നത്.

അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക. കൂടുതല്‍ കാലം പൊട്ടാതെ നില്‍ക്കുന്നത് ആ ചെരുപ്പായിരുന്നു. ആ ചെരുപ്പിട്ടാണ് ശീലം. കൂട്ടുകാര്‍ എല്ലാവരും ഒരേപോലെ ചെരുപ്പാണ് വാങ്ങാറുള്ളത്. അതുകൊണ്ട് വേറെ വാങ്ങാറില്ലായിരുന്നു. ഇതൊക്കെയിട്ടാണ് ഞാന്‍ നവോദയ സ്റ്റുഡിയോയിലേക്ക് പോകുന്നത്.

ഇത് മോശമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എനിക്ക് ഒന്നും വാങ്ങാനുള്ള സമയം കിട്ടിയില്ല. തലേ ദിവസം വിളിച്ചാണ് സെലക്ടായി, നാളെ എത്തണമെന്ന് വിളിച്ചു പറഞ്ഞത്. പിന്നെ ബാക്കിയുള്ളവര്‍ ഹൈ ലെവല്‍ മോഡേണ്‍ ആയി വരുമെന്നും ഞാന്‍ പ്രതീക്ഷിച്ചില്ല.

സ്റ്റുഡിയോയില്‍ കയറിയപ്പോള്‍ സെലക്ടായവര്‍ നിരന്ന് ഇരിക്കുന്നു. അവരെ കണ്ടതോടെ എന്റെ ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്നുപോയി. മുംബൈയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ളവര്‍ അവിടെയുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന സ്വാസികയും ഉണ്ടായിരുന്നു.

ഏകദേശം ആള്‍ക്കാരും കൊച്ചിയുമായി ബന്ധമുള്ളവരാണ്. അവര്‍ക്കറിയാം, എങ്ങനെ ഒരു പരിപാടിയില്‍ വരണമെന്ന്. ഇവരെയൊക്കെ കണ്ടതോടെ ഞാനാകെ വിഷമത്തിലായി. എന്നെ കോര്‍ഡിനേറ്റ് ചെയ്യുന്ന വിനോദ് എന്ന ചേട്ടനുണ്ടായിരുന്നു. എനിക്ക് ഇത് പറ്റൂല, ഞാന്‍ തിരിച്ച് പോകുകയാണ് എന്ന് ഞാന്‍ ചേട്ടന് മെസേജ് ചെയ്തു. അമ്മയോടും തിരിച്ചുപോകാമെന്ന് പറഞ്ഞു. അവരെ കണ്ട് ഞാന്‍ ശരിക്കും പേടിച്ചുപോയി.

ഷാളൊക്കെ ഇട്ട് അവരുടെ മുന്‍പില്‍ നില്‍ക്കാന്‍ തന്നെ എനിക്ക് ചമ്മലായിരുന്നു. ഒരു ചാര കളര്‍ ഷാളായിരുന്നു. അതിന്റെ അഗ്രത്ത് മുത്തുകള്‍ തൂക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അതാണ് ഏറ്റവും വലിയ സംഭവം. ഞാന്‍ അവിടെയിരിക്കുമ്പോള്‍ ഇടയ്ക്ക് അതിലെ മുത്തൊക്കെ പൊട്ടിയിരിക്കുന്നുണ്ട്. എനിക്കാകെ ചമ്മലായി.

‘അനു നീ ആരെയും നോക്കണ്ട, നിനക്ക് ചെയ്യാന്‍ പറ്റുന്നത് സ്റ്റേജില്‍ ചെയ്യുക. വീട്ടുകാര്യങ്ങളൊന്നും ആലോചിക്കണ്ട എന്ന് വിനോദേട്ടന്‍ തിരിച്ച് മെസേജ് ചെയ്തു. പിന്നീട് ഷോ വിജയിച്ചപ്പോള്‍ വിനോദേട്ടന്‍ എന്റെ അടുത്തുവന്ന് ചോദിച്ചു ‘ അന്ന് നീ മെസേജ് അയച്ച് പോയിരുന്നെങ്കിലോ’ എന്ന്. അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിലാണ് ഞാന്‍ അന്ന് മത്സരത്തില്‍ പങ്കെടുത്തത്.

Related posts