മുംബൈ: ബിസിസിഐ ബിഡുകള്‍ പൊട്ടിച്ചു; അപ്പോള്‍ എന്തു സംഭവിച്ചു? 579.06 കോടി രൂപയ്ക്ക് അപ്പോളോ ടയേഴ്സ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജഴ്സി സ്പോണ്‍സര്‍മാരായി. ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പായ ഡ്രീം 11 അരങ്ങൊഴിഞ്ഞ സ്ഥാനത്തേക്ക്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്സിനെ ബിസിസിഐ നിയോഗിച്ചു.
2028 മാര്‍ച്ച് വരെ നീളുന്ന കരാറാണ് അപ്പോളോ ടയേഴ്സുമായി ബിസിസിഐ (ദ ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ഒപ്പുവച്ചത്. ഇക്കാര്യം ബിസിസിഐ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ നിരോധിച്ചതോടെ ഡ്രീം 11 എന്ന പേര് ഇന്ത്യന്‍ ജഴ്സിയില്നിന്നു മാഞ്ഞു. തുടര്‍ന്ന് ജഴ്സി സ്പോണ്‍സര്‍മാരില്ലാതെയാണ് നിലവില്‍ 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ടീം ഇന്ത്യ പങ്കെടുത്തുകൊണ്ടിരുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം മുതല്‍ ജഴ്സിയില്‍ അപ്പോളോ ടയേഴ്സ് എന്ന പേര് സ്ഥാനം പിടിക്കും. വെള്ളിയാഴ്ച ഒമാന്‍ എതിരേയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം.
ഒരു മത്സരത്തിന് 4.5 കോടി!
2028 മാര്‍ച്ച് വരെ നീളുന്ന കരാറിനിടെ ഇന്ത്യന്‍ ടീം ഏകദേശം 141 മത്സരങ്ങള്‍ കളിക്കുമെന്നാണ് കണക്കുകള്‍. 20 ഐസിസി മത്സരങ്ങളും 121 ബൈലാറ്ററല്‍ മത്സരങ്ങളും ഉള്‍പ്പെടെയാണിത്. ഇന്ത്യയുടെ ഓരോ മത്സരത്തിനും 4.5 കോടി രൂപ വീതം അപ്പോളോ ടയേഴ്സ് മുടക്കും. ഐസിസി മത്സരങ്ങള്‍ക്കായി 1.72 കോടി രൂപയും. ഇന്ത്യന്‍ ടീമിന്റെ ഒരു മത്സരത്തിന് ഇതുവരെ ലഭിച്ചതില്‍വച്ച് ഏറ്റവും കൂടുതല്‍ തുകയാണ് അപ്പോളോ ടയേഴ്സ് നല്കുന്ന 4.5 കോടി രൂപ. മുന്‍ സ്പോണ്‍സര്‍മാരായ ഡ്രീം 11 ഒരു മത്സരത്തിന് 4 കോടി രൂപയായിരുന്നു നല്‍കിയിരുന്നത്. ഡ്രീം 11 ഇന്ത്യന്‍ ടീം ജഴ്സി സ്പോണ്‍സര്‍മാരായത് 358 കോടി രൂപയ്ക്കായിരുന്നു.
ക്യാന്‍വ, ജെകെ പിന്തള്ളപ്പെട്ടു
ഇന്ത്യന്‍ ടീം ജഴ്സി സ്പോണ്‍സര്‍ഷിപ്പിനുള്ള ബിഡിംഗില്‍ ഓസ്ട്രേലിയന്‍ സോഫ്റ്റ്വേര്‍ കമ്പനിയായ ക്യാന്വയെയും ഇന്ത്യന്‍ കമ്പനിയായ ജെകെ സിമെന്റിനെയുമാണ് അപ്പോളോ ടയേഴ്സ് പിന്തള്ളിയത്. 554.48 കോടി രൂപയായിരുന്നു ക്യാന്‍വയുടെ ബിഡ്. ജെകെ ടയേഴ്സ്, ജെകെ ലക്ഷ്മി സിമെന്റ്, ജെകെ പേപ്പര്‍ അടക്കമുള്ള വന്‍ വ്യവസായ കുടുംബത്തില്‍നിന്നുള്ള ജെകെ സിമെന്റിന്റെ ഓഫര്‍ 477.7 കോടി രൂപയായിരുന്നു.ബിര്‍ല ഒപ്റ്റസ് പെയിന്റ്സിനും ഇന്ത്യന്‍ ജഴ്സി സ്പോണ്‍സര്‍മാരാകാന്‍ താത്പര്യമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, അവര്‍ക്കു ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലായിരുന്നു.
ലേലത്തിലെ നിബന്ധനകള്‍
ഈ മാസം രണ്ടിനാണ് ബിസിസിഐ സ്പോണ്‍സര്‍ഷിപ്പിനായി ലേലം സമര്‍പ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചത്. ഗെയിമിംഗ്, ബെറ്റിംഗ്, ക്രിപ്റ്റോ, സിഗരറ്റ് കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. അതുപോലെ സ്പോര്‍ട്സ് സാധന നിര്‍മാതാക്കള്‍, ബാങ്കിംഗ്, ഫൈനാന്‍സ്, നോണ്‍ ആല്‍ക്കഹോളിക് കോള്‍ഡ് ബിവറേജസ്, ഫാന്‍, മിക്സര്‍ ഗ്രൈന്‍ഡേഴ്സ്, സേഫ്റ്റി ലോക്സ്, ഇന്‍ഷ്വറന്‍സ് കമ്പനികളെയും ലേലത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.