ഭക്ഷണം ദിവസേന രണ്ടു കിലോ മത്തി ! ഭാരം 100കിലോ; ആമസോണ്‍ നദിയില്‍ കാണപ്പെടുന്ന അരാപൈമ ജിജാസ് മത്സ്യം കേരളത്തില്‍ വളര്‍ന്ന കഥയിങ്ങനെ…

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണ്‍ ഒരു അത്ഭുതമാണ്. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത പല ജീവിവര്‍ഗങ്ങളുടെ ആവാസസ്ഥലം കൂടിയാണ് ആമസോണ്‍. വിശാലമായ ആമസോണില്‍ കാണപ്പെടുന്ന മത്സ്യമായ അരാപൈമ ജിജാസ് കേരളത്തിലെ ഒരു കുളത്തില്‍ വളര്‍ന്നാല്‍ എന്താകും സ്ഥിതി.

പോത്താനിക്കാട്ട് ജോര്‍ജ് ആന്റണിയുടെ നാടുകാണിയിലുള്ള ഫാമിലാണ് 100 കിലോയിലേറെ തൂക്കവും 6.75 അടി നീളവുമുള്ള ഈ മത്സ്യത്തെ വളര്‍ത്തിയത്. ഏഴുവര്‍ഷം മുമ്പ് തൃശ്ശൂര്‍ സ്വദേശിയില്‍ നിന്നാണ് ആന്റണി ഈ മത്സ്യത്തെ വാങ്ങുന്നത്.

മത്തിയാണ് ഇവന്റെ ഇഷ്ടഭക്ഷണം. ദിവസേന രണ്ടു കിലോ മത്തി വേണം ഒന്നു വിശപ്പടക്കാന്‍. വളരെയധികം ഇണക്കുമുള്ളതാണ് ഈ മീന്‍. തല ഭാഗം ഇരുണ്ട നിറവും ഉടല്‍ ചുവപ്പ് കലര്‍ന്നതുമായ മനോഹരമായ മത്സ്യമാണ് ഇത്. മത്സ്യം വളര്‍ന്നതോടെ കുളത്തിനു വലിപ്പം പോരാഞ്ഞതിനാല്‍ ജോര്‍ജ് ആന്റണി ഇതിനെ മറ്റൊരാള്‍ക്കു വിറ്റിരുന്നു. എന്നാല്‍ ഫൈബറില്‍ തീര്‍ത്ത പ്രത്യേക ടാങ്കില്‍ മിനിലോറിയില്‍ കൊണ്ടുപോകുന്നതിനിടയില്‍ മീന്‍ ചത്തുപോയി. ടാങ്കില്‍ ഒതുങ്ങാതെ വന്നതാണ് കാരണമെന്ന് ആന്റണി പറയുന്നു.

മീനിന് കുളത്തിന്റെ വലിപ്പം പോരാതെ വന്നതോടെ ഭൂതത്താന്‍കെട്ടിലെ പെരിയാര്‍വാലി വൃഷ്ടിപ്രദേശത്ത് പ്രത്യേകം സംരക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ സമീപത്തെ കലുങ്ക് ഇടിഞ്ഞതോടെയാണ് കാര്യങ്ങള്‍ നടക്കാതെ പോയത്. ഈ മീനിന്റെ കുഞ്ഞിന് തന്നെ 5000 രൂപയാണ് വില.

അരാപൈമയുടെ ഇറച്ചി ഏറെ സ്വാദിഷ്ടമാണെന്ന് ആന്റണി പറഞ്ഞു. ഇതിന്റെ തുകലിന് വിദേശ മാര്‍ക്കറ്റുകളില്‍ വലിയ ഡിമാന്‍ഡാണ്. വിലയേറിയ ബെല്‍റ്റും ചെരിപ്പുമെല്ലാം നിര്‍മിക്കാന്‍ ഈ മത്സ്യത്തിന്റെ തുകല്‍ ഉപയോഗിക്കുന്നു.പത്ത് അടി നീളത്തില്‍വരെ ഈ മത്സ്യം വളരും. 200 കിലോവരെ ഭാരം വയ്ക്കുന്നതാണ് ഈ മത്സ്യമെന്ന് ആന്റണി പറയുന്നു.

Related posts