അവര്‍ എന്റെ അച്ഛന്റെ ഭാര്യ മാത്രമാണ്; കുട്ടികള്‍ എന്റെ സ്വന്തം സഹോദരങ്ങളുമല്ല; അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’; ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് അര്‍ജുന്‍ കപൂര്‍ പറഞ്ഞത് ഇങ്ങനെ…

രാജ്യമെമ്പാടുമുള്ള സിനിമാ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് നടി ശ്രീദേവി ജീവിതത്തിന്റെ അഭ്രപാളിയില്‍ നിന്നും മറഞ്ഞത്. രാജ്യമാകെ ശ്രീദേവിക്ക് ആദരാജ്ഞലി അര്‍പ്പിക്കുമ്പോള്‍ ആരാധകരുടെ നോട്ടം അര്‍ജുന്‍ കപൂറിലേക്കാണ്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യഭാര്യയിലെ മകനാണ് ബോളിവുഡ് താരമായ അര്‍ജുന്‍. അര്‍ജുന്റെ അമ്മയായ മോനയെ ബോണികപൂറില്‍ നിന്ന് അകറ്റിയത് ശ്രീദേവിയായിയിരുന്നു. പിന്നീട് ശ്രീദേവി ഗര്‍ഭിണിയായതോടെ മോനയേയും മകന്‍ അര്‍ജുന്‍, മകള്‍ അന്‍ഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി ശ്രീദേവിക്കൊപ്പം താമസമാരംഭിച്ചു. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി.

പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. അമ്മയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അര്‍ജുന്‍ ഒരിക്കലും ശ്രീദേവിയോടും മക്കളോടും വലിയ അടുപ്പം കാണിച്ചുമില്ല. 2012ല്‍ അര്‍ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല. താരമായതിനു ശേഷം നടന്ന പല ഇന്റര്‍വ്യൂകളിലും അര്‍ജുന്‍ നേരിട്ട പ്രധാന ചോദ്യം ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു.അവരോട് വലിയ അടുപ്പമില്ലെന്ന് വ്യക്തമായി പറയുന്നതായിരുന്നു അര്‍ജുന്റെ മറുപടികള്‍.

പക്ഷേ ദേഷ്യമുള്ളതായി ഒരിക്കലും കാണിച്ചിട്ടില്ല. ‘അവര്‍ എന്റെ അച്ഛന്റെ ഭാര്യയാണ്, എന്റെ അമ്മയല്ല, കുട്ടികള്‍ എന്റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’ എന്നായിരുന്നു ഒരു മറുപടി.’അച്ഛനോടും, ഭാര്യയോടും പല മാനസിക വികാരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം. എപ്പോഴും എനിക്കൊപ്പം സഹോദരിയുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.

അര്‍ജുന്റെ കരിയറിനെ ശ്രീദേവി പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘എന്റെ വര്‍ക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇന്നേ വരെ ഒരു കസേരയില്‍ മുഖാമുഖം ഇരുന്ന് അതിനേക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ മാന്യമായ അംഗീകരിക്കലുണ്ട്, മനസ്സിലാക്കലുണ്ട് കാരണം ഒരു പോലെ പ്രധാനപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്കിടയിലുണ്ട്, അത്രമാത്രം’. ‘അച്ഛനുമായി ബന്ധപ്പെട്ട എല്ലാവരെയും നല്ല മകനെന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടാകും, അത് ഞാന്‍ ചെയ്യുന്നുണ്ട്’ എന്നായിരുന്നു പിന്നീടൊരിക്കല്‍ മറുപടി. വിദേശത്തായിരുന്ന അര്‍ജുന്‍ ശ്രീദേവിയുടെ മരണ ചടങ്ങുകള്‍ക്കായി ഇന്നലെ മുംബൈയിലെത്തിയിട്ടുണ്ട്.

Related posts