ലഹരിക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമോ ? ആര്യന്‍ ഖാനെ മോചിപ്പിക്കാന്‍ 25 കോടിയുടെ ഡീലിന് ശ്രമിച്ചതായി സാക്ഷിയുടെ ആരോപണം…

സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് പാര്‍ട്ടി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന വെളിപ്പെടുത്തലുമായി സംഭവത്തിന്റെ സാക്ഷിയായ പ്രഭാകര്‍ സെയില്‍.

ആര്യന്റെ മോചനത്തിനായി എന്‍.സി.ബി സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കഡെ, കേസില്‍ സാക്ഷിയായ കെ.പി ഗോസാവി എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും 25 കോടി ആവശ്യപ്പെട്ടെങ്കിലും 18 കോടി നല്‍കിയെന്നുമാണ് പ്രഭാകര്‍ വെളിപ്പെടുത്തിയത്.

പ്രഭാകര്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ആര്യന്‍ ഖാനുമൊത്തുളള ഗോസാവിയുടെ സെല്‍ഫി പുറത്തുവന്നത് വാര്‍ത്തയായിരുന്നു.

ഇയാളെ ഇപ്പോള്‍ കാണ്മാനില്ല. റെയ്ഡ് നടന്ന ദിവസം താന്‍ ഗോസാവിയെ അനുഗമിച്ചിരുന്നു. അറസ്റ്റിന് ശേഷം നടന്ന സംഭവങ്ങള്‍ക്ക് താന്‍ ദൃക്സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ പ്രഭാകര്‍ പറയുന്നു.

എന്‍സിബി ഓഫീസിന് സമീപം സാം എന്ന് പേരുളള ഒരാളുമായി ഗോസാവി കൂടിക്കാഴ്ച നടത്തി. അയാളോടൊപ്പം ഒരു നീല നിറമുളള കാറിനടുത്തേക്ക് അവര്‍ പോയി.

അതില്‍ ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്ലാനി ഇരിക്കുന്നത് കണ്ടതായും പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തുന്നു. ഇവര്‍ തമ്മിലെ ചര്‍ച്ചയില്‍ 25 കോടി രൂപ പ്രശ്നപരിഹാര ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ഒടുവില്‍ 18 കോടിയ്ക്ക് സമ്മതിച്ചു. ഇതില്‍ എട്ട് കോടി രൂപ വാങ്കഡെയ്ക്ക് നേരിട്ട് നല്‍കുമെന്ന് പറഞ്ഞു. ബാക്കി പണം മറ്റുളളവര്‍ക്ക് നല്‍കും.

പിറ്റേന്ന് ഗോസാവി 50 ലക്ഷം രൂപ കൊണ്ടുവരാന്‍ തന്നെ അയച്ചതായും എന്നാല്‍ പിന്നീട് 12 ലക്ഷം രൂപ കുറവ് കണ്ടതിനാല്‍ തിരികെ നല്‍കാന്‍ വീണ്ടും ട്രൈഡന്റ് ഹോട്ടലിലേക്ക് അയച്ചതായും പ്രഭാകര്‍ പറയുന്നു.

എന്നാല്‍ ഇതിനിടെ ഗോസാവിയെ കാണാതായി. ഇതോടെ വാങ്കഡെയില്‍ നിന്നും തന്റെ ജീവന് ഭീഷണിയുളളതിനാലാണ് സത്യവാങ്മൂലം നല്‍കുന്നതെന്നും പ്രഭാകര്‍ സെയില്‍ പറയുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സമീര്‍ വാങ്കഡെ തളളി. ആരോപണം ഉന്നയിക്കുന്നവര്‍ക്കെല്ലാം പിന്നീട് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 20ന് ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായത്.

Related posts

Leave a Comment