മദ്യാസക്തി കുറയ്ക്കാന്‍ ‘സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ്’ ! കരള്‍ രോഗികളില്‍ മദ്യാസക്തി കുറയ്ക്കാന്‍ ‘വിസര്‍ജ്യ ചികിത്സ’യ്ക്കു കഴിയുമെന്ന് കണ്ടെത്തല്‍…

അമിത മദ്യപാനം മൂലം കരള്‍ വീക്കമുണ്ടാകുന്ന രോഗികളില്‍(ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്) മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചുള്ള ചികിത്സ (സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ്) ഫലപ്രദമെന്നു കണ്ടെത്തല്‍.

രാജഗിരി ആശുപത്രിയിലെ ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഹെപ്പറ്റോളജി വിഭാഗം ഫിസിഷ്യന്‍ സയന്റിസ്റ്റ് ഡോ. സിറിയക് അബി ഫിലിപ്‌സിന്റെ പഠനത്തിലാണു കണ്ടെത്തല്‍.

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ലിവര്‍ ഡിസീസിന്റെ (എഎ എസ്എല്‍ഡി) വാര്‍ഷിക സമ്മേളനമായ ‘ദ് ലിവര്‍ മീറ്റിങ്ങിലെ’ സുപ്രധാനമായ പ്രസിഡന്‍ഷ്യല്‍ പ്ലീനറി സെഷനില്‍ 14ന് ഡോ. സിറിയക് അബി ഫിലിപ്‌സ് പഠനഫലം അവതരിപ്പിക്കും.

ലിവര്‍ മീറ്റിംഗിലെ ഏറ്റവും മികച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്. സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റിനു വിധേയമായ 35 രോഗികളെ 3 വര്‍ഷം നിരീക്ഷിച്ചപ്പോള്‍ 71.4% പേരും പിന്നീടു മദ്യപിച്ചിട്ടില്ലെന്നും 65.7% പേരില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെന്നും കണ്ടെത്തി.

സ്റ്റിറോയ്ഡ് പോലുള്ള സാധാരണ ചികിത്സയ്ക്കു വിധേയരായ 26 പേരെ നിരീക്ഷിച്ചപ്പോള്‍ 53.8% പേരും മദ്യപാനം തുടരുന്നതായാണു കണ്ടെത്തിയത്. 38.5% പേരില്‍ മാത്രമാണ് ആയുര്‍ദൈര്‍ഘ്യം കൂടുന്നതും.

മദ്യപാനം മൂലമുള്ള കരള്‍വീക്ക ബാധിതരില്‍ സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സ ഫലപ്രദമാണെന്ന് 2017ല്‍ ഡോ. സിറിയക് കണ്ടെത്തിയിരുന്നു.

രാജഗിരി ആശുപത്രിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഗ്യാസ്‌ട്രോ ഇന്റസ്റ്റനല്‍ സയന്‍സസ് ഡയറക്ടര്‍ കുറവിലങ്ങാട് വെട്ടിക്കത്തടം ഡോ. ഫിലിപ് അഗസ്റ്റിന്റെ മകനാണു ഡോ. സിറിയക് അബി ഫിലിപ്‌സ്.

ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസിലാണു (ഐഎല്‍ബിഎസ്) ഡോ. സിറിയക് ഹെപ്പറ്റോളജിയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്.

ആരോഗ്യമുള്ള വ്യക്തിയില്‍ നിന്നു ശേഖരിക്കുന്ന വിസര്‍ജ്യം ഉപ്പുവെള്ളത്തില്‍ കലര്‍ത്തി രണ്ടു തവണ ഫില്‍റ്റര്‍ ചെയ്ത ശേഷം ട്യൂബ് വഴി രോഗിയുടെ ചെറുകുടലിലേക്കു നല്‍കുകയാണു സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ് രീതി.

ചെറുകുടലിലുള്ള, ശരീരത്തിനു ഹാനികരമായ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന ചീത്ത അണുക്കളെ വിസര്‍ജ്യത്തിലടങ്ങിയ നല്ല അണുക്കള്‍ നശിപ്പിക്കുകയും നല്ല അണുക്കളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നു ഡോ. സിറിയക് അബി ഫിലിപ്‌സ് പറഞ്ഞു. 25,000-30,000 ഈ ചികിത്സാരീതിയുടെ ചെലവ്.

Related posts

Leave a Comment