അമ്മയിലും ഫെഫ്കയിലും ശ്വാസംമുട്ടിക്കഴിയുന്നവര്‍ ഒപ്പം ചേരുമെന്ന പ്രതീക്ഷയുണ്ട്! സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ കൂട്ടായ്മ ഉടന്‍

മലയാള സിനിമാലോകത്തും അവിടെ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്കിടയിലും ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും ബദലായി മറ്റൊരു സംഘടന അണിയറയില്‍ ഒരുങ്ങുന്നു. സംഘടന എന്ന മേല്‍വിലാസത്തിലല്ലാതെ സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും സംഘംചേരലാണ് ഇതിന്റെ ലക്ഷ്യമെന്ന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ. ഇതിന്റെ ആദ്യഘട്ടമായാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചും വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ പിന്തുണച്ചും നൂറുപേര്‍ ഒരുമിച്ച് പ്രസ്താവനയിറക്കിയത്.

വിദേശത്തുള്ള ആഷിഖ് അബു തിരിച്ചെത്തിയാലുടന്‍ തുടര്‍നീക്കങ്ങളുണ്ടാകും. ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കാണാനും ഉദ്ദേശിക്കുന്നുണ്ടെന്നാണ് അറിയുന്നത്. താരകേന്ദ്രീകൃതം എന്ന നിലയില്‍നിന്ന് സിനിമയെ മോചിപ്പിക്കുകയാണ് പുതിയ നീക്കത്തിനുപിന്നില്‍. സമാനമനസ്‌കരായ എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുകയാണ് ലക്ഷ്യം.

അമ്മയിലും ഫെഫ്കയിലും ശ്വാസംമുട്ടിക്കഴിയുന്നവര്‍ ഒപ്പം ചേരുമെന്ന പ്രതീക്ഷയുമുണ്ട്. ബദല്‍ സംഘടനയല്ല, ഡബ്ല്യു.സി.സി. മാതൃകയില്‍ എല്ലാ മേഖലകളിലുമുള്ളവരുടെ ഒത്തുചേരലായിരിക്കും ഇത്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും പങ്കാളിത്തമുണ്ടാകും. ഫെഫ്കയുടെ ഒരു ഉന്നതനേതാവ് സംഘടനകള്‍ക്കും സര്‍ക്കാരിനുമിടയിലുള്ള ഇടനിലക്കാരന്റെ വേഷം സ്വയം അണിഞ്ഞിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ഇടപെടലുകളാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ യഥാര്‍ഥരീതിയില്‍ സര്‍ക്കാരിനുമുന്നില്‍ എത്താതിരിക്കാന്‍ കാരണം”-പുതിയ കൂട്ടായ്മയ്ക്കുപിന്നിലുള്ള ഒരു സിനിമാപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു.

Related posts