പുരാതനകാലത്തെ വസ്തുക്കളിൽ പലതും വിലപിടിപ്പുള്ള നിധികളാണ്. ആരുടെയും കണ്ണിൽപെടാതെ അങ്ങനെയുള്ള ഒരുപാടു നിധികൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടാകും. യൂറോപ്പിലെ ഒരു സമ്പന്ന കുടുംബത്തിന്റെ ഫാം ഹൗസിന്റെ മച്ചിൽനിന്നു കിട്ടിയ പെയിന്റിംഗിനു ലേലത്തിൽ ലഭിച്ച തുക എത്രയെന്നു കേൾക്കണോ? 11.7 കോടി രൂപ.
മച്ചിൽ മറ്റു പല വസ്തുക്കളുടെയും കൂടെയാണ് പെയിന്റിംഗ് കണ്ടെത്തിയത്. “പോർട്രെയിറ്റ് ഓഫ് എ ഗേൾ’ എന്ന് പേരുള്ള പെയിന്റിംഗിൽ കറുത്ത വസ്ത്രമണിഞ്ഞ പെൺകുട്ടി വെളുത്ത കോളറും വെളുത്ത തൊപ്പിയും ധരിച്ചിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത ഡച്ച് കലാകാരനായ റെംബ്രാൻഡ് ഹാർമൻസൂൺ വാൻ റിജിന്റെ പെയിന്റിംഗാണിത്.
എന്നാൽ, ഈ ചിത്രത്തിൽ ചിത്രകാരന്റെ ഒപ്പില്ല. തന്റെ എല്ലാ പെയിന്റിംഗുകൾക്കും ഒപ്പിടുന്ന ആളായിരുന്നില്ല റെംബ്രാൻഡ് എന്നും പെയിന്റിംഗിന്റെ സ്റ്റൈൽ കണ്ടാൽതന്നെ അത് ഒറിജിനലാണെന്ന് തിരിച്ചറിയാമെന്നും പെയിന്റിംഗ് ലേലത്തിൽ വച്ച തോമസ്റ്റൺ പ്ലേസ് ഓക്ഷൻ ഗാലറീസ് ഉടമ കാജ വെയ്ലെക്സ് പറയുന്നു.
1920 മുതൽ പെയിന്റിംഗ് സ്വകാര്യ വ്യക്തികളുടെ കൈയിലായിരുന്നു. എന്നാൽ, അതിന്റെ ഉടമകൾ പെയിന്റിംഗിന്റെ കാര്യം മറന്നുപോയിരുന്നു. ചിത്രം കണ്ടെത്തിയശേഷം കഴിഞ്ഞ ഓഗസ്റ്റിലാണു ലേലത്തിൽ വച്ചത്. പെയിന്റിംഗ് വാങ്ങിയ ആൾ തന്റെ പേര് പരസ്യപ്പെടുത്താൻ തയാറായില്ല.