ബ്രിസ്‌ബെയ്ന്‍ ഏകദിനത്തില്‍ പാക്കിസ്ഥാന് തോല്‍വി

PAKISTANബ്രിസ്‌ബെയ്ന്‍: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 92 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യൂ വേഡിന്റെ കന്നി ഏകദിന സെഞ്ചുറിയുടെ ബലത്തില്‍ 268 റണ്‍സ് നേടി. 42.4 ഓവറില്‍ 176 റണ്‍സിന് പാക്ക് ഇന്നിംഗ്‌സ് അവസാനിച്ചു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞു. 78/5 എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ മാത്യൂ വേഡും (100), ഗ്ലെന്‍ മാക്‌സ് വെല്ലും (60) ചേര്‍ന്നാണ് മാന്യമായ സ്‌കോറില്‍ എത്തിച്ചത്. വേഡ് 100 പന്തില്‍ നിന്നും ഏഴ് ഫോറും രണ്ടു സിക്‌സും പറത്തിയാണ് സെഞ്ചുറി നേടിയത്. പാക്കിസ്ഥാന് വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല. 33 റണ്‍സ് നേടിയ ബാബര്‍ അസം ആണ് സന്ദര്‍ശകരുടെ ടോപ്പ് സ്‌കോറര്‍. നാല് വിക്കറ്റുകള്‍ നേടിയ ജയിംസ് ഫോക്‌നറും മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സുമാണ് പാക്കിസ്ഥാനെ തകര്‍ത്തത്. സെഞ്ചുറി നേടിയ വേഡാണ് മാന്‍ ഓഫ് ദ മാച്ച്.

Related posts