കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ജഡ്ജിയായത് ഓട്ടോ ഡ്രൈവറെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍! യോഗ്യത നൃത്താധ്യാപകനെ ഓട്ടോയില്‍ കൊണ്ടുപോയത്; സംഭവം ഇങ്ങനെ

യുവജനോത്സവത്തില്‍ അരങ്ങേറുന്ന പലകാര്യങ്ങളെക്കുറിച്ചും എല്ലാക്കാലവും പരാതികള്‍ ഉയരുന്നത് പതിവാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അരങ്ങേറിയ ഒരു സംഭവമാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. യുവജനോത്സവവുമായി ബന്ധപ്പെട്ട മറ്റൊരു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം കിട്ടിയത്. സംഭവം ഇങ്ങനെ…

കഴിഞ്ഞ വര്‍ഷത്തെ യുവജനോത്സവത്തില്‍ നൃത്ത ഇനത്തില്‍ ഓട്ടോ ഡ്രൈവര്‍ ജഡ്ജിയായിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കണ്ണൂരിലെ നൃത്ത ഇനങ്ങളില്‍ ജഡ്ജിമാരെ സംഘടിപ്പിച്ചു കൊടുത്ത സംഘത്തിലുണ്ടായിരുന്ന കണ്ണന്‍ എന്ന നൃത്താധ്യാപകനെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവറാണ് അവസാന നിമിഷം ആളെ കിട്ടാത്തതിനാല്‍ ജഡ്ജിയായത്. ചുരുക്കി പറഞ്ഞാല്‍ കണ്ണനെ തൃശൂരില്‍ നിന്ന് കണ്ണൂരിലേയ്ക്കും മറ്റ് സ്ഥലങ്ങളിലേയ്ക്കും കൊണ്ടുപോയതും നൃത്തം കണ്ടിട്ടുള്ളതും മാത്രമായിരുന്നു ഈ ഓട്ടോ ഡ്രൈവറുടെ നൃത്ത പരിചയം.

കണ്ണൂരില്‍ അവസാന നിമിഷം രണ്ട് ജഡ്ജിമാര്‍ പിന്മാറിയതോടെയാണ് ഓട്ടോ ഡ്രൈവറെ ജഡ്ജിയാക്കിയതെന്ന് കണ്ണന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. സംഘാടകരെ തെറ്റിദ്ധരിപ്പിച്ചാണ് ഡ്രൈവറെ ജഡ്ജിയാക്കിയതെന്ന് അയാള്‍ പറഞ്ഞു. ഡ്രൈവറുടെയും മൊഴിയെടുക്കുകയും താന്‍ വിധികര്‍ത്താവായതായി അയാള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പരാതിയില്ലാത്തതിനാല്‍ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ല.

Related posts