നൂറു ചോദ്യവുമായി വിജിലന്‍സ്..! അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുന്‍മന്ത്രി കെ. ബാബുവിനെ ചോദ്യം ചെയ്യുന്നു

FB-BABU

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി രാവിലെ 10.30 ഓടെയാണ് എറണാകുളത്തെ വിജിലന്‍സ് ആസ്ഥാനത്ത് ബാബു എത്തിയത്. ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ ബാബുവിനോട് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനായി നൂറോളം ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി വിജിലന്‍സ് തയാറാക്കിയിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബാബുവിന്റെ ബിനാമിയെന്നു വിജിലന്‍സ് കരുതുന്ന കുമ്പളങ്ങി സ്വദേശി ബാബുറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാബുറാമും ബാബുവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബാബുറാം ബാബുവിന്റെ ബിനാമി തന്നെയാണെന്നു കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും വ്യക്തമാക്കിയിട്ടുണ്ട്.

ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കു ബാബുറാം അയച്ച കത്തും ഇരുവരും പരസ്പരം നിരവധിത്തവണ ടെലഫോണിലും മറ്റും ബന്ധപ്പെട്ടതിന്റെ രേഖകളും വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്. അടുത്ത ബന്ധം ഇല്ലെങ്കില്‍ എന്തിനാണ് ഇത്തരത്തില്‍ ഒരു കത്ത് അയയ്ക്കുന്നതെന്ന ചോദ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തുന്നത്. ബാബുവിന്റെ മറ്റൊരു ബിനാമിയെന്ന് അന്വേഷണ സംഘം കരുതുന്ന മോഹനനുമായി ബന്ധിപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്.

നേരത്തെ ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ അഴിമതി നടത്തിയെന്ന കേസില്‍ ബാബുവിനെ തിങ്കളാഴ്ച വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് അന്ന് നടന്നത്.

Related posts