ഒരു നാടിന്റെ മുഴുവന്‍ കണ്ണീരോടെയുള്ള കാത്തിരിപ്പിന് ഫലമുണ്ടായില്ല! ഏക മകള്‍ക്കൊപ്പം ബാലഭാസ്‌കറും യാത്രയായി; വയലിന്‍ തന്ത്രികളാല്‍ മാന്ത്രികം കാട്ടിയ പ്രിയ കലാകാരന് വിട

ഒരു നാടിന്റെ മുഴുവന്‍ നെഞ്ചുരുകിയുള്ള പ്രാര്‍ഥനകള്‍ക്കും ബാലഭാസ്‌കറിനെ തിരികകൊണ്ടുവരാനായില്ല. മകള്‍ തേജസ്വിനിയ്ക്ക് പിന്നാലെ ബാലഭാസ്‌കറും വിട പറഞ്ഞു. വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ആ സംഗീതത്തിന്റെ ആരാധകരും സുഹൃത്തുക്കളും ഒരു മടങ്ങി വരവ് ആഗ്രഹിച്ചിരിക്കെയാണ് ഈ അപ്രതീക്ഷിത വിടവാങ്ങല്‍.

രണ്ടുദിവസമായി ആശുപത്രിയില്‍ നിന്നും ശുഭസൂചനകള്‍ പുറത്തുവന്നിരുന്നത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേരളത്തെ കണ്ണീരിലാഴ്ത്തി പുലര്‍ച്ചെ ഒരു മണിയോടെയാണ് ബാലഭാസ്‌കര്‍ അന്തരിച്ചത്.

നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലഭാസ്‌കറിനും ലക്ഷ്മിയ്ക്കും തേജസ്വിനിയെ ലഭിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് എല്ലാ പ്രാര്‍ഥനകളും കാത്തിരിപ്പുകളും വിഫലമാക്കി തോരാകണ്ണീര് നല്‍കിയാണ് തേജസ്വനി വിട്ടുപോയത്. ഇപ്പോഴിതാ ബാലഭാസ്‌കറും. കുഞ്ഞിനായുള്ള നേര്‍ച്ചയ്ക്കുവേണ്ടി ക്ഷേത്രത്തില്‍പ്പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരുന്ന വഴിയായിരുന്നു അപകടം.

പുലര്‍ച്ചെ നാലരയ്ക്ക് വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ മകള്‍ ബാലഭാസ്‌ക്കറിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഡ്രൈവര്‍ക്കൊപ്പം കാറിന്റെ മുന്‍സീറ്റിലിരുന്ന ബാലഭാസ്‌കറിന്റെ മടിയിലായിരുന്നു മകള്‍. രണ്ടുവയസ്സുകാരിയായ മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.

Related posts