ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി; കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും തകരാര്‍; എയിംസിന്റെ സഹായം തേടുമെന്ന് സൂചന

തിരുവനന്തപുരം: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്‍റെ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. വെന്‍റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോൾ ചികിത്സയിലുള്ളത്.

ഇടക്കമുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെ നിലയും മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടർമാർ അറിയിക്കുന്നത്.

അതിനിടെ, ബാലഭാസ്‌കറിന്‍റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസിൽ നിന്നും ഡോക്ടർമാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്. ഇക്കാര്യത്തേക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായാണ് വിവരം.

ബാലഭാസ്‌കറിന്‍റെ കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. അദ്ദേഹത്തിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുനും പരിക്കേറ്റതും മകൾ തേജസ്വിനി ബാല മരണപ്പെട്ടതും. തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്.

മരത്തിലിടിച്ച കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് നിഗമനം. ബാലഭാസ്‌ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്.

Related posts