കണ്ണീരോടെയല്ലാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാനാവില്ല! ഏക മകളുടെ വേര്‍പാട് അറിയാതെ ബാലഭാസ്‌കറും ലക്ഷ്മിയും അബോധാവസ്ഥയില്‍ തുടരുമ്പോള്‍ മൂവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങളുടെ വീഡിയോ പ്രചരിക്കുന്നു

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിനും കുടുംബത്തിനും ഉണ്ടായ അപകടത്തിന്റെ വാര്‍ത്ത വലിയ ഞെട്ടലാണ് ഏവരിലും ഉണ്ടാക്കിയത്. പതിനാറ് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രാര്‍ത്ഥനയുടെയും വഴിപാടുകളുടെയും ഫലമായി കിട്ടിയ കണ്‍മണിയെ ആ ദമ്പതികള്‍ക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടു എന്നതാണ് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പോലും പ്രയാസമുള്ള കാര്യം.

ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയുമാകട്ടെ, ഇതുവരെ അപകടനില തരണം ചെയ്തിട്ടുമില്ല. ഇരുവരെയും നേരിട്ടും അല്ലാതെയും പരിചയമുള്ള എല്ലാവരും ഇപ്പോള്‍ ഈ ദമ്പതികളുടെ തിരിച്ചു വരവിനുവേണ്ടി കാത്തിരിക്കുകയാണ്. എല്ലാത്തിനുമുപരിയായി ഏക കണ്‍മണിയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനുള്ള കരുത്ത് അവര്‍ക്ക് ലഭിക്കണമേയെന്നുമാണ് ഏവരും പ്രാര്‍ത്ഥിക്കുന്നത്.

മകളുടെ വിയോഗം അറിയാതെ ബാലഭാസ്‌കറും ലക്ഷ്മിയും അബോധാവസ്ഥയില്‍ തുടരുമ്പോള്‍ മൂവരുമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആളുകളെ കണ്ണീരണിയിച്ചുകൊണ്ട് പ്രചരിക്കുന്നത്. ബാലഭാസ്‌കര്‍ വയലിന്‍ വായിക്കുമ്പോള്‍, തൊട്ടടുത്ത് അതുകേട്ട് ആസ്വദിക്കുന്ന ഭാര്യ ലക്ഷ്മിയുടെയും , ലക്ഷ്മിയുടെ മടിയില്‍ ഇരുന്ന് കൊഞ്ചുന്ന തേജസ്വിനിയുടെയും വീഡിയോയാണത്.

കുടുംബം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണീരോടെയല്ലാതെ ഈ വീഡിയോ കണ്ടു തീര്‍ക്കാനാവില്ല എന്നാണ് അത് കണ്ട എല്ലാവരും പറയുന്നത്, എല്ലാം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കട്ടെ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്.

Related posts