വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നത് തങ്ങളുടെ കടമയാണെന്നാണ് സാധാരണക്കാര്‍ വിശ്വസിച്ചിരിക്കുന്നത്! ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇന്ത്യക്കാരെന്ന് ബിബിസിയുടെ പഠന റിപ്പോര്‍ട്ട്

വ്യാജവാര്‍ത്തകള്‍ കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്കും അതുമൂലം കുറച്ചാളുകള്‍ക്കെങ്കിലും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കും അടുത്ത കാലത്ത് മലയാളികള്‍ പോലും സാക്ഷ്യം വഹിച്ചതാണ്. വ്യാജവാര്‍ത്തകളെ സംബന്ധിച്ച് ഇപ്പോള്‍ ബിബിസി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മലയാളികള്‍ക്കെന്നല്ല, ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ്.

ഇന്ത്യയില്‍ സാധാരണക്കാര്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ബി.ബി.സി. കണ്ടെത്തിയിരിക്കുന്നത്. ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശത്തില്‍, ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ ജനങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പങ്കുവെക്കുകയാണെന്നും ബി.ബി.സിയുടെ പഠനത്തില്‍ പറയുന്നു.

സാധാരണക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എങ്ങനെ പങ്കാളികളാകുന്നുവെന്നും തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും എങ്ങനെ ജനങ്ങളെ ബാധിക്കുമെന്നും കണ്ടെത്താന്‍, ബിബിസി വേള്‍ഡ് സര്‍വീസ് ബിയോണ്ട് ഫെയ്ക്ക് ന്യൂസ് എന്ന പേരില്‍ നടത്തുന്ന ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്.

ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ നെറ്റ്‌വര്‍ക്കുകള്‍ ദേശീയതക്ക് ഊന്നല്‍ നല്‍കുന്നതെന്ന വ്യാജേന കൃത്രിമമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ടത് തങ്ങളുടെ ധര്‍മമാണെന്നാണ് സാധാരണക്കാര്‍ വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍, ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കേണ്ട ഇടതുപക്ഷ നെറ്റ്‌വര്‍ക്കുകള്‍ ദുര്‍ബലമാണെന്നും സമൂഹ മാധ്യമങ്ങളെ കുറിച്ച് നടത്തിയ ഈ പഠനം പറയുന്നു.

16,000 ട്വിറ്റര്‍ അക്കൌണ്ടുകളും 3,200 ഫേസ്ബുക്ക് പേജുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ട്വിറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണക്കുന്ന മറ്റു നെറ്റ്വര്‍ക്കുകളുമാണ് വ്യാജ വാര്‍ത്തകളുടെ മുഖ്യസ്രോതസ്സ് എന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലും സാധാരണക്കാര്‍ക്കിടയില്‍ ഗവേഷണം നടത്തി. കെനിയയില്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. നൈജീരിയയില്‍ ഭീകരതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് പ്രചാരം കൂടുതല്‍.

മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന വാര്‍ത്തകളല്ല ഇത്തരത്തില്‍ പ്രചരിക്കുന്നതെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. സമാനമായ സംഭവം കേരളവും അടുത്ത കാലത്ത് കണ്ടതാണ്. ആരെങ്കിലും വാട്ട്‌സ്ആപ്പിലോ ഫേസ്ബുക്കിലോ പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്തുത അറിയാതെയും മനസിലാക്കാതെയും പ്രചരിപ്പിക്കുകയാണ് ബഹുഭൂരിപക്ഷം ആളുകളും.

Related posts