പണിയാന്‍ വേറെ ആളെകിട്ടില്ല..! ഇതര സംസ്ഥാന തൊഴിലാളികളുടെ പുനരധി വാസത്തിന് ജില്ലകളില്‍ കേന്ദ്രങ്ങള്‍ തുടങ്ങും

TVM-BENGALI

കൊല്ലം:ഇതര സംസ്ഥാന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന്  മന്ത്രി ടി പി രാമകൃഷ്ണന്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും താമസകേന്ദ്രങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് വേണ്ടി സംഘടിപ്പച്ച ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആശ്രാമം ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ഡയറക്ടര്‍ പി പ്രമോദ് അധ്യക്ഷത വഹിച്ചു.

നാട്ടുകാരായ തൊഴിലാളികള്‍ക്കു നല്‍കുന്ന പരിഗണനയും നിയമസംരക്ഷണവും ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. ഇതര സംസ്ഥാനക്കാരായ 35 ലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇടനിലക്കാരുടെയും തൊഴിലുടമകളുടെയും ചൂഷണത്തില്‍ നിന്നും ഇവരെ രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. അതേസമയം ലഹരി ഉപയോഗിക്കുന്നവരും ലഹരി വസ്തുക്കള്‍ താമസസ്ഥലങ്ങളില്‍ സൂക്ഷിക്കുന്നവരും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിച്ച് അവരെ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ചികിത്സാസഹായം നല്‍കുന്നതിന് പ്രത്യേക കാര്‍ഡും ഏര്‍പ്പെടുത്തും. പ്രീമിയം ഇല്ലാതെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ മറ്റ് ക്ഷേമപരിപാടികള്‍ കൂടി ഉള്‍ക്കൊള്ളിക്കും. മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു.

പരിപാടിയില്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി എസ് സുദേവന്‍, എ ഐ റ്റി യു സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ചെങ്ങ റ സുരേന്ദ്രന്‍, എ ഐ റ്റി യു സി കൊല്ലം ജില്ലാ സെക്രട്ടറി കെ എസ് ഇന്ദുശേഖരന്‍, യു റ്റി യു സി ജില്ലാ സെക്രട്ടറി റ്റി കെ സുല്‍ഫി, ബി എം എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശിവജി സുദര്‍ശനന്‍, സിയാദ്, ജോയിന്റ് ഡയറക്ടര്‍ കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts