സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ തിരഞ്ഞു പിടിച്ച് അവര്‍ എത്തുന്നത് ഗര്‍ഭിണിയെന്ന വ്യാജേന ! കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടികള്‍ കെട്ടുകഥയല്ല; ഇവരുടെ പുതുതന്ത്രങ്ങള്‍ ഇങ്ങനെ…

നാടോടികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ നാം പണ്ടു മുതല്‍ത്തന്നെ കേള്‍ക്കുന്നതാണ്. ഇത്തരത്തിലുള്ള സംഘങ്ങള്‍ കേരളത്തില്‍ വീണ്ടും സജീവമാകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്.

ഗര്‍ഭിണികളെന്ന വ്യാജേന സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യമിട്ട് എത്തുന്ന ഇവരുടെ പ്രധാന ഉദ്ദേശ്യം കുട്ടികളെ തട്ടിക്കൊണ്ടു പോകലാണ്. കൂടെ മോഷണവും. തൊടുപുഴയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ ഗ്രാമവാസി ഷമീം ബീവി (സുമയ്യ 60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ നല്‍കിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളില്‍ നിര്‍ത്തിയതിനു ശേഷം പൗഡര്‍ എടുക്കാന്‍ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടില്‍ക്കയറിയത്. തിരിച്ചു വന്നപ്പോള്‍ മുത്തശ്ശി കണ്ടത്, ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് ഹാളില്‍ നിന്നു മുറ്റത്തേക്ക് ഓടുന്നതാണ്.

മുത്തശ്ശിയും ബഹളം വച്ച് പിന്നാലെ ഓടി സ്ത്രീയെ പിടിച്ചു നിര്‍ത്തി. പോര്‍ച്ചില്‍ കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഷമീം ബീവി കടന്നുകളഞ്ഞെന്ന് പറയുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രണ്ടു കിലോമീറ്റര്‍ അകലെ ഇടവെട്ടി ഭാഗത്ത് മറ്റൊരു വീട്ടില്‍ നിന്നാണ് ഷമീം ബീവിയെ കണ്ടെത്തിയത്. അവിടെ സഹായം ചോദിച്ച് എത്തിയതായിരുന്നു. നാട്ടുകാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു.

തൊടുപുഴ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇവര്‍ കരിങ്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നു മൊബൈല്‍ ഫോണും കുറച്ച് പണവും കണ്ടെത്തി. ബോണറ്റിലേക്കു വീണതിനാല്‍ കുഞ്ഞിനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പരിശോധിച്ചു. കാര്യമായ പരുക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ എത്തുന്നത്. പ്രധാനമായും ആന്ധ്രാ, തമിഴ്നാട്, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളിലുള്ള സംഘങ്ങളാണ് കേരളത്തിലെത്തുന്നത്.

ജില്ലയില്‍ നാടോടി സംഘങ്ങള്‍ ഏറ്റവുമധികം തട്ടിപ്പിനിറങ്ങുന്നത് ഗര്‍ഭിണിയെന്ന വ്യാജേനയാണ്. പല വീടുകളിലും ക്ഷീണം അഭിനയിച്ച് എത്തും. പലപ്പോഴും വീട്ടുകാര്‍ പണമടക്കം ഇവര്‍ക്കു നല്‍കും. ഇതിനു പുറമേ ഭക്ഷണവും നല്‍കും. ഇത്തരം മുതലെടുപ്പിനാണു ഗര്‍ഭിണിയുടെ വേഷം. പുരുഷന്മാര്‍ ജോലിക്കു പോകുന്ന വീടുകള്‍ കണ്ടെത്തി പകല്‍ സ്ത്രീകള്‍ മാത്രം ഉള്ള വീടുകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. സംസ്ഥാനത്തു നാടോടി സംഘങ്ങളില്‍ നിന്നും കണ്ടെത്തിയ കുട്ടികളില്‍ ഏറിയ പങ്കും ഇതര സംസ്ഥാനങ്ങളില്‍ കടത്തിക്കൊണ്ട് വന്നതാണ്.

ഇത്തരം സംഭവങ്ങളില്‍ കുട്ടികളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന കുട്ടികളെ കൂടുതലായും ഭിക്ഷാടനത്തിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിച്ചതോടെ ഒന്നിലധികം കുട്ടികളുമായി നാടോടി സ്ത്രീകള്‍ വീടുകള്‍ കയറി ഇറങ്ങും. ഇത്തരത്തിലുള്ള സംഭവങ്ങളും വ്യാപകമാണ്. നാടോടി സംഘങ്ങളെ കുറിച്ചു സംശയം തോന്നിയാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ കൈമാറാം. കണ്‍ട്രോള്‍ റൂമിലും (100) വിവരം അറിയിക്കാം.

Related posts

Leave a Comment