മോഹന്‍ലാലും മമ്മൂട്ടിയും മൗനം വെടിയണം, താരങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്! ഇപ്പോള്‍ ആ പെണ്‍കുട്ടിയ്ക്ക് വേണ്ടത് ആശ്വാസവാക്കുകളാണ്; കടുത്ത വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

southlive-english_2016-11_393c68a3-ef5f-463f-8a96-222a39a57034_ggകൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാറാകാത്ത മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ആരെ ഭയപ്പെട്ടിട്ടാണ് താരങ്ങള്‍ നടി നേരിട്ട ദുരിതത്തിനെതിരെ  ശബ്ദമുയര്‍ത്താത്തതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. നടി ആക്രമണത്തിന് ഇരയായ സംഭവവത്തിലും ഇതിനു ശേഷം പല സാഹചര്യങ്ങളിലായി സിനിമ മേഖലയില്‍ നിന്നു തന്നെ നടിക്കെതിരെ ഉയര്‍ന്ന വാക്കുകളിലും താന്‍ അടക്കമുള്ള പലരും അസ്വസ്ഥരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…
‘ഒരു നിര്‍മ്മാതാവ് പറയുന്നു പെണ്‍കുട്ടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുള്ളൂ എന്ന്. തന്റെ സഹപ്രര്‍ത്തക എന്ന് പോലും ചിന്തിക്കാതെ ഒരു നടന്‍ പറയുന്നു നടിയെ നുണപരിശോധനക്ക് വിധേയയയാക്കണമെന്ന്. മറ്റൊരു നടന്‍ പറയുന്നു നടിയുടെ സൗഹൃദമാണ് ഇതിനെല്ലാം കാരണമെന്ന്. ഇതെല്ലാം കേട്ടിട്ടും നടി കൂടി അംഗമായുള്ള സംഘടന തന്റെ മക്കളെ ശാസിക്കുന്നില്ല. ഇത്രയേറെ വേദനയും അപമാനവും സഹിച്ചതും പോരാഞ്ഞിട്ടാണോ ഈ വാക്കുകളിലൂടെ വീണ്ടും വീണ്ടും അവളെ പീഡിപ്പിക്കുന്നത്? പറയാന്‍ പാടില്ലാത്തത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞാല്‍ തീരുമോ അവള്‍ നേരിടുന്ന വേദന… ഇപ്പോള്‍ ആ പെണ്‍കുട്ടിക്ക് വേണ്ടത് ആശ്വാസ വാക്കുകളാണ്. ഞങ്ങളുണ്ട് നിന്നൊടൊപ്പം എന്ന അണച്ച് നിര്‍ത്തലാണ്. ഒരു നടന്‍ പോയിട്ട് ഒരു നടി പോലും ഇവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നില്ല. ഇതിനൊന്നും ഞങ്ങള്‍ മറുപടി പറയേണ്ട കാര്യമില്ല എന്ന രീതിയില്‍ മലയാള സിനിമയിലെ മറ്റു സംഘടനകള്‍ മൗനം പാലിക്കുന്നു. വ്യക്തിപരമായി പോലും ആരും അഭിപ്രായം പറയുന്നില്ല. നില നില്പാണ് പലരേയും ഭയപ്പെടുത്തുന്നത്’. ഭാഗ്യലക്ഷ്മി പറയുന്നു.

അമ്മയിലെ അതികായരായ മോഹന്‍ലാലും മമ്മൂട്ടിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനേയും പരോക്ഷമായി ഭാഗ്യലക്ഷ്മി വിമര്‍ശിക്കുന്നുണ്ട്. ‘ഈ രംഗത്ത് തെറ്റുചെയ്യുന്നവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ.. ഇനിയെങ്കിലും ഈ മൗനം വെടിഞ്ഞ് മലയാളസിനിമയുടെ നെടുംതൂണായി നില്‍ക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും പുതിയ തലമുറയും പൊതു സമൂഹത്തോട് സംസാരിക്കണം. ഈ പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമയെ രക്ഷിക്കണം. നമ്മളെല്ലാം ഉണ്ണുന്ന ചോറാണിത്. ആ ചോറില്‍ മണ്ണ് വാരിയിടാന്‍ നാം തന്നെ വഴിവെച്ച് കൊടുക്കരുത്’. ഭാഗ്യലക്ഷ്മി പറയുന്നു.

Related posts