പടയൊരുക്കത്തിനു വേണ്ടി പിരിച്ച പണം അടിച്ചുകൊണ്ടുപോയെന്ന് എ, ഐ ഗ്രൂപ്പുകള്‍, സീനിയര്‍ നേതാക്കളെ തെറിപറഞ്ഞ് കുട്ടിനേതാക്കളും, ഇടുക്കിയിലെ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജന പങ്കാളിത്തംകൊണ്ടു വിജയിച്ചു. പടയൊരുക്കം ഇടുക്കി ജില്ലയുടെ പടിവാതില്‍ കടന്നുപോയതോടെ മാറിനിന്ന ഗ്രൂപ്പ് വൈരം കുത്തിപ്പൊക്കാന്‍ ചില കോണുകളില്‍ സജീവമായ നീക്കം. പടയൊരുക്കത്തിന്റെ പേരില്‍ നേതാക്കള്‍ ഗ്രൂപ്പുതിരിഞ്ഞു നടത്തിയ പണപ്പിരിവിനെകുറിച്ചും നേതാക്കള്‍ക്കുവേണ്ടി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന അങ്കപ്പുറപ്പാടുമാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരം ശക്തമാക്കിയിരിക്കുന്നത്.

സോഷ്യല്‍മീഡിയയിലൂടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പോരാട്ടത്തിനെതിരേ നേതാക്കള്‍ രംഗത്തു വന്നുകഴിഞ്ഞു. പടയൊരുക്കത്തിനുവേണ്ടി ഐ ഗ്രൂപ്പ് നേതാവ് നടത്തിയ പണപ്പിരിവിനെകുറിച്ചു വിവാദം സൃഷ്ടിക്കാനുള്ള നീക്കം നടത്തുമ്പോള്‍ തന്നെ പണപ്പിരിവ് രഹസ്യമായി നടത്തിയ എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരേയും വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇതൊന്നും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചനടത്താതെ മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ചര്‍ച്ചയ്ക്കു ഇടുന്നതാണ് വിവാദമായിരിക്കുന്നത്.

പാര്‍ട്ടിക്കു ക്ഷീണം ഉണ്ടാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങി ഗ്രൂപ്പിനെ നയിക്കുന്ന മുന്‍നിര നേതാക്കള്‍വരെയുണ്ടെന്നതാണ് പ്രത്യേകത. ജില്ലയില്‍ എ, ഐ ഗ്രൂപ്പുകളാണ് സജീവമെങ്കിലും എ ഗ്രൂപ്പില്‍ രണ്ടാണ് ഗ്രൂപ്പുകള്‍. ഐ ഗ്രൂപ്പില്‍ ഓരോ നേതാക്കളുടെ പേരിലും ഗ്രൂപ്പു തിരിഞ്ഞുള്ള കളിയുണ്ട്. വയലാര്‍ രവി ഗ്രൂപ്പ് വരെ ഇടുക്കിയിലുണ്ട്. എങ്കിലും അത്ര സജീവമല്ല. ഇതെല്ലാം തന്നെയാണ് നേതാക്കളെ കടന്നാക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യുനേതാക്കള്‍ക്ക് കഴിയുന്നത്. എത്ര സീനിയര്‍ നേതാക്കളാണെങ്കിലും ഇവിടെ പ്രശ്‌നമില്ല. ഗ്രൂപ്പ് നോക്കിയാണ് തേജോവധം ചെയ്യുന്നത്. കെഎസ്‌യു പ്രവര്‍ത്തകര്‍പോലും സീനിയര്‍ നേതാക്കളെ സോഷ്യല്‍മീഡിയയിലൂടെ ആക്ഷേപിക്കുന്നതു നിത്യസംഭവമാണ്. ഇവരെ തടയാന്‍ ഒരു നേതാക്കളും ശ്രമിക്കുന്നില്ല.

 

ഡിസിസി യോഗത്തിലോ പാര്‍ട്ടി ഓഫീസിലോ സീനിയര്‍ നേതാക്കള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. കുട്ടിനേതാക്കള്‍ പോലും സീനിയര്‍ നേതാക്കളെ മുണ്ടുരിയുമെന്നു ഭീഷണിപ്പെടുത്തുന്നു. ഗ്രൂപ്പുകളെ നയിക്കുന്ന നേതാക്കളുടെ മൗനാനുവാദത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. ഐ ഗ്രൂപ്പിലെ ഒരു സീനിയര്‍ നേതാവിനെതിരേ ശക്തമായ പ്രചരണമാണ് സോഷ്യല്‍മിഡിയയില്‍ നടക്കുന്നത്. പാര്‍ട്ടി ഇടപെട്ടു പ്രശ്‌നപരിഹാരം ഉണ്ടാക്കിയെങ്കിലും എ ഗ്രൂപ്പിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ ഫേസ്ബൂക്കില്‍ നിന്നൊന്നും വിവാദപ്രസ്താവനകളൊന്നും മാറ്റിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍പോലും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനെതിരേ ഐ ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

പടയൊരുക്കത്തിനുശേഷം ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചിരുന്നത്. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ നടപടി വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഓഫീസിലേക്കു കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ഐ ഗ്രൂപ്പു നേതാക്കള്‍ പങ്കെടുക്കാത്ത സംഭവം, പടയൊരുക്കത്തിനു വേണ്ടിയുള്ള പണപ്പിരിവ് തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോള്‍ കത്തിക്കാളുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്നതു ഐ ഗ്രൂപ്പ് നേതാവിന്റെ പണപ്പിരിവിലുള്ള ആക്ഷേപമാണ്. പടയൊരുക്കത്തിനുവേണ്ടി പണം പിരിച്ചു വിദേശത്തേക്ക് കടന്നുവെന്ന വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്. ഇതെല്ലാം എ ഗ്രൂപ്പിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഫെയ്‌സ് ബുക്കിലാണ് സജീവമായിരിക്കുന്നത്. ഇതോടൊപ്പം എ ഗ്രൂപ്പു നേതാക്കള്‍ പിരിച്ച കണക്കുമായി രംഗത്തിറങ്ങാന്‍ ഐഗ്രൂപ്പും തിരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ പല നേതാക്കള്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നതിലും നേതാക്കള്‍ മല്‍സരത്തിലാണ്.

ഡിസിസി യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു കേമന്‍മാരാകാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് ജോയി മൈലാടി ഡിസിസി നേതൃത്വത്തോടാവശ്യപ്പെട്ടുകഴിഞ്ഞു. യോഗ്യത പറയുന്നവര്‍ പടയൊരുക്കവുമായി ബന്ധപ്പെട്ടും അതിനുമുമ്പും തുടര്‍ച്ചയായി നടത്തിവന്ന പണപ്പിരിവിന്റെ ലിസ്റ്റും ഡിസിസി പ്രസിഡന്റിനു നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിനെ സംബന്ധിച്ചു ഏറ്റവും നിര്‍ണായകമായ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബൂത്തുകളില്‍ നല്‍കുന്നതിനും പോസ്റ്റര്‍, ഫ്‌ളെക്‌സ് തുടങ്ങിയവയ്ക്ക് നല്‍കാനുംവേണ്ടി കൊടുത്ത പണപ്പെട്ടി അടിച്ചുമാറ്റിയവരാണ് യോഗ്യതയുടെ അപ്പസ്‌തോലന്‍മാരാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇബ്രാഹിംകുട്ടി ഡിഡിസി പ്രസിഡന്റായതിനുശേഷം ജില്ലയിലെ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്നും അതില്‍ അസൂയപൂണ്ട ചിലരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും ജോയി മൈലാടി കുറ്റപ്പെടുത്തി. ഏതായാലും പൊതുശത്രു വരുന്നതുവരെ കോണ്‍ഗ്രസില്‍ ഇത്തരം വിഴുപ്പലുക്കല്‍ തുടരാനാണ് സാധ്യത. കഴിഞ്ഞകാല സംഭവങ്ങളും തെളിയിക്കുന്നതും ഇതാണ്.

 

Related posts