പേരൂര്‍ക്കട: മാതാവ് ആഹാരം നല്‍കിയില്ലെന്നാരോപിച്ച് മകന് സ്വന്തം വീടിന് തീയിട്ടു. തീ ഉയരുന്നതുകണ്ട് മാതാവ് വീട്ടില്‍നിന്നു പുറത്തിറങ്ങി രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒന്‍പതോടുകൂടി വട്ടിയൂര്‍ക്കാവ് വയലിക്കട ഹരിതനഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 50കാരനായ മകനെ വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : ഹരിതനഗറിലെ ഓടുപാകിയ വീട്ടില്‍ സംഭവദിവസം മദ്യപിച്ചെത്തിയ മകൻ തനിക്ക് ആഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് മാതാവുമായി വാക്കുതര്‍ക്കം തുടങ്ങി. ഒടുവില്‍ വീടിന് തീയിടുകയായിരുന്നു.
വീട്ടിലെ തടിയുരുപ്പടികള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.തീ കണ്ട് മാതാവ് ഇറങ്ങിയോടുകയായിരുന്നു. ഒരുലക്ഷം രൂപയുടെ നഷ്്ടം കണക്കാക്കുന്നു.
തിരുവനന്തപുരം നിലയത്തില്‍ നിന്ന് ഗ്രേഡ് എഎസ്ടിഒ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു.