തിരക്കേറിയ ഒരു ട്രാഫിക് സിഗ്നലില്‍ വച്ച് അരങ്ങേറിയ മനംകുളിര്‍പ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്‍റെ കാറിൽ ഇരുന്നുകൊണ്ട് സംഗതി ക്യാമറയില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്തത് റിഷി പാണ്ഡേ എന്നയാളാണ്.
സംഭവം ഇങ്ങനെയാണ്. വാഹനങ്ങള്‍ ഗ്രീന്‍ സിഗ്നലിനായി കാത്തുകിടക്കുന്നു. സൈക്കിള്‍ യാത്രികനായി ഒരാളുടെ അടുത്തേക്ക് മറ്റൊരാള്‍ നടന്നുവരുന്നു. അയാള്‍ തന്‍റെ സൂപ്പര്‍ബൈക്കിന്റെ താക്കോല്‍ സൈക്കിളുകാരന് കൈമാറുന്നു. സൈക്കിളുകാരന്‍ തന്‍റെ ഫോണ്‍ ബൈക്ക് ഉടമയ്ക്കും നല്‍കുന്നു.
പിന്നീട്, ബൈക്കില്‍ കയറിയിരുന്ന് കുറച്ചുനേരം സൈക്കിളുകാരന്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്തു. തന്‍റെ സ്വപ്‌നബൈക്കില്‍ ഒരിക്കലെങ്കിലും കയറിയിരിക്കുക എന്ന സൈക്കിള്‍ യാത്രികനായ യുവാവിന്‍റെ മോഹമാണ് മറ്റേയാള്‍ സാധിച്ചു കൊടുത്തത്.
അഞ്ച് ലക്ഷം വ്യൂസ് ആണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. നിരവധി കമന്‍റുകളും ലൈക്കുകളും വീഡിയോ വാരിക്കൂട്ടിയിട്ടുമുണ്ട്. ഒരു ചെറിയ, വളരെ ചെറിയ പ്രവര്‍ത്തിയിലൂടെ മാനവികതയിലുള്ള വിശ്വാസം ബൈക്കുകാരന്‍ പുനസ്ഥാപിച്ചു എന്നതാണ് കമന്‍റ് ബോക്‌സിലെത്തിയ ഏറെ ശ്രദ്ധേയമായ പ്രതികരണം.
മാനവികതയിലുള്ള വിശ്വാസം പുനസ്ഥാപിക്കപ്പെട്ടുവെന്ന് നെറ്റിസണ്‍സ്; മനം കവരുന്ന സംഭവം ശ്രദ്ധേയമാകുന്നു
