പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ മുട്ടയും ചിക്കനും കഴിക്കാമോ ? ഇതേക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ…

രാജ്യത്ത് പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണുയരുന്നത്. നൂറ് കണക്കിന് പക്ഷികളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപനവുമായി ബന്ധപ്പെട്ട് ചത്തത്.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്.

പക്ഷിപ്പനി കാരണം ചില പ്രദേശങ്ങളില്‍ കോഴി വിലയില്‍ വലിയ ഇടിവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ നന്നായി വേവിച്ച് കഴിച്ചാല്‍ ഇവ മനുഷ്യരിലേക്ക് വൈറസ് പകരാന്‍ കാരണമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്‍1എന്‍5 വൈറസാണ് പക്ഷിപ്പനിയ്ക്കു കാരണമാകുന്നത്. ചൂടേറ്റാല്‍ ഈ വൈറസ് നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്.

മുന്‍കരുതല്‍ എന്ന നിലയില്‍ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷം കൈകള്‍ 20 സെക്കന്റ് ഇളം ചൂടുള്ള വെള്ളത്തില്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കാനാണ് നിര്‍ദേശം. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കണമെന്നും പകുതി വേവിച്ചതും ബുള്‍സ് ഐ ആക്കിയതുമൊക്കെ ഒഴിവാക്കണമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

കയ്യുറകളും മറ്റ് സുരക്ഷാ നടപടികളും പാലിച്ചില്ലെങ്കില്‍ കോഴിയെയും അവയുടെ മുട്ടയുമൊക്കെ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ പകരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കശാപ്പ് ചെയ്യുമ്പോഴോ, രോഗബാധയുള്ളതോ ചത്തതോ ആയ പക്ഷികളോ കൈകാര്യം ചെയ്യുമ്പോഴോ ആണ് മനുഷ്യരിലേക്ക് അണുബാധ വ്യാപിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഈ വൈറസിനെ പേടിക്കേണ്ടതില്ലെന്നു ചുരുക്കം.

Related posts

Leave a Comment