വടകര: ദേശീയ പാതയില്‍ ചോറോട് നിര്‍മാണം പൂര്‍ത്തിയായ സ്ട്രിംഗ് പാലം റെയില്‍വേ ട്രാക്കിന് കുറുകേ സ്ഥാപിക്കാന്‍ നടപടിയായി. ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഇതിന്റെ പ്രവൃത്തി നടക്കും. ഇതു കണക്കിലെടുത്ത് വടകരയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.
ബോസ്ട്രിംഗ് പാലം റെയില്‍വേ ട്രാക്കിന് മുകളില്‍ സ്ഥാപിക്കുന്നതിന് കൂറ്റന്‍ ക്രെയിനുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. റെയില്‍വേ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ ഓഫ് ചെയ്ത് വേണം പാലം ട്രാക്കിന് മുകളില്‍ സ്ഥാപിക്കാന്‍. ഇതിന്റെ ഭാഗമായി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉള്‍പ്പെടെയുണ്ടാകും.
ഹൈഡ്രോളിക് ജാക്കി സംവിധാനത്തിലൂടെ സാവധാനം വേണം ബോസ്ട്രിംഗ് റെയില്‍വേ മേല്‍പ്പാലം ട്രാക്കിന് മുകളിലൂടെ നീക്കി സ്ഥാപിക്കാന്‍. ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 10 മുതല്‍ രണ്ടിന് രാത്രി 12 വരെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങള്‍ മോന്താല്‍ക്കടവ് വഴിയും മറ്റു വാഹനങ്ങള്‍ കുഞ്ഞിപ്പള്ളി ജംഗ്ഷനില്‍ നിന്ന് ഓര്‍ക്കാട്ടേരി-നാദാപുരം-പേരാമ്പ്ര വഴിയും പോകേണ്ടതാണെന്ന് കോഴിക്കോട് റൂറല്‍ പോലീസ് അറിയിച്ചു.
