കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട് ശ്വാസം മുട്ടിയിരുന്നവര്‍ ഇന്ന് തെരുവുകളെ പൂരപ്പറമ്പാക്കുന്നു ! നിശാപാര്‍ട്ടികള്‍ കൊഴുക്കുമ്പോള്‍ മദിച്ചുല്ലസിച്ച് ബ്രിട്ടീഷ് ജനത; ബ്രിട്ടനില്‍ വീണ്ടും കോവിഡ് പിടിമുറുക്കുമോ ?

കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തരായതോടെ ആഘോഷത്തിമിര്‍പ്പിലാണ് ബ്രിട്ടീഷ് ജനത.അടച്ചിട്ടിരുന്ന ബാറുകളും പബ്ബുകളുമെല്ലാം തുറന്നതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ച ആദ്യ ദിവസം തന്നെ സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറന്നു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ വീക്കെന്‍ഡ് ആസ്വദിക്കാന്‍ എത്തിയ ഇംഗ്ലീഷുകാര്‍ യാതൊരു വിധ സാമൂഹിക അകലവും പാലിക്കാതെയാണ് മദിച്ചുല്ലസിച്ചത്.

ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തെ 23,000 പബ്ബുകളിലായി 15 മില്ല്യണ്‍ പൗണ്ടിന്റെ കച്ചവടം നടന്നിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ കണക്ക് കൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ നഷ്ടം നികത്താന്‍ വെതെര്‍സ്പൂണ്‍സ് ഉള്‍പ്പടെയുള്ള പബ്ബുകള്‍ മദ്യത്തിനും ബിയറിനുമൊക്കെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ അതൊന്നും പബ്ബുകളിലേക്കുള്ള ഒഴുക്കിനെ തീരെ ബാധിച്ചില്ല. കേംബ്രിഡ്ജിലെ റീഗലില്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടാണ് പലര്‍ക്കും പബ്ബിനകത്തേക്ക് കടക്കുവാന്‍ കഴിഞ്ഞത്. നിരവധി ആളുകള്‍ക്ക് നേരെ കേസുകളുമെടുത്തിട്ടുണ്ട്. മദ്യപിച്ച് ഉന്മത്തരായി തുണിയില്ലാതെ തെരുവില്‍ കിടക്കുന്ന ആളുകളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ലെസ്റ്ററില്‍, പുതുവത്സര തലേന്ന് അണിനിരത്തുന്നതിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. സൂര്യോദയത്തിന് മുന്‍പായി ബാറുകള്‍ തുറക്കരുത് എന്ന നിയമം നിലവില്‍ ഉള്ളതിനാല്‍ രാവിലെ ആറ് മണിക്ക് ശേഷം മാത്രമാണ് തുറന്നത്.

ആദ്യ ഊഴത്തില്‍ തന്നെ മദ്യപിച്ച് പുറത്തെത്തിയ ഒരാള്‍ പറഞ്ഞത് പ്രീമിയര്‍ ലീഗ് ജയിച്ചതുപോലുള്ള സന്തോഷമാണ് തിനിക്കിപ്പോള്‍ എന്നാണ്. ഇതുപോലെയുള്ള വികാരങ്ങളാണ് ഒട്ടുമിക്കവരും പങ്കുവെയ്ക്കുന്നത്. ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ഹോസ്പിറ്റാലിറ്റി മേഖല പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

Related posts

Leave a Comment