ഞങ്ങളെ തോല്‍പ്പിക്കാനാവില്ല മക്കളെ! അടവുമാറ്റിപ്പിടിച്ച് ബിഎസ്എന്‍എല്‍; 249 രൂപയ്ക്ക് പ്രതിദിനം പത്ത് ജിബി ഡേറ്റ; രാത്രി കോളുകളും ഞായറാഴ്ചയിലെ കോളുകളും സൗജന്യം

bsnl_building_cp-660_011113010112_081516010441_020717121117_040217051608ജിയോയുടെ സൗജന്യ സേവനങ്ങള്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിരിക്കുകയാണ് റിലയന്‍സ്. അംബാനിയുടെ ഈ തീരുമാനത്തില്‍ ഉപഭോക്താക്കള്‍ സന്തോഷത്തിലും മറ്റ് കമ്പനികള്‍ കലിപ്പിലുമാണ്. എന്നാല്‍ ജിയോയുടെ ഒരു പദ്ധതിക്കും തങ്ങളെ തോല്‍പ്പിക്കാനാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് ബിഎസ്എന്‍എല്‍. ആരെയും ഞെട്ടിക്കുന്ന കിടിലന്‍ ഓഫറുമായാണ് ബിഎസ്എന്‍എലിന്റെ പുതിയ വരവ്. എന്നാല്‍ ഒരു ചെറിയ വ്യത്യാസം മാത്രം. ഇത്തവണ മൊബൈലിനല്ല ഓഫര്‍, മറിച്ച് ബ്രോഡ്ബാന്‍ഡിനാണ്. 249 രൂപയ്ക്കുള്ള അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് സേവനമാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഫറനുസരിച്ച് പ്രതിദിനം 10ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ലഭിക്കുക. എന്നാല്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, സൗജന്യകോളുകള്‍ രാത്രി 9 മണിമുതല്‍ രാവിലെ 7 മണിവരെ മാത്രമേ വിളിക്കാനാകൂ. ഒപ്പം ഞായറാഴ്ചകളിലും കോളുകളെല്ലാം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ഡാറ്റാ സ്പീഡ് 2 എംബിപിഎസ് ആയിരിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് ബ്രോഡ്ബാന്റെത്തിക്കുക എന്ന ലക്ഷ്യമാണ് ബിഎസ്എന്‍എല്‍ മുന്നോട്ടുവെക്കുന്നത്. 249 രൂപയ്ക്ക് മറ്റൊരു ഓഫറും കഴിഞ്ഞ സെപ്റ്റംബറില്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിദിനം ഒരുജിബിവരെ 2 എംബിപിഎസും അതിന് ശേഷം, 1 എംബിപിഎസുമായിരുന്നു അതിന്റെ വേഗത.

മൊബൈലിന്റെ വരവോടെ നഷ്ടമായ ബ്രോഡ്ബാന്റിന്റെ പ്രൗഢി തിരിച്ചുപിടിക്കുകയാണ് പുതിയ ഓഫറിലൂടെ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. മൊബൈലിലും ഇതിനോടകം സമാനമായ രീതിയില്‍ വമ്പന്‍ ഓഫറുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു. 339 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസേന 2 ജിബി എന്ന ഓഫര്‍ കഴിഞ്ഞ മാസം മുതല്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് 25 മിനിട്ട് കോളുകള്‍ ഫ്രീയായി നല്‍കുമെന്നുമാണ് ആ ഓഫര്‍. മാര്‍ച്ച് 18 മുതലാണ് പുതിയ ഓഫര്‍ നിലവില്‍ വന്നത്. ഈ ഓഫറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Related posts