ഒരുമയുണ്ടെങ്കില്‍..! ബസില്‍ ന്യൂ ഇയര്‍ ആഘോഷമൊരുക്കി സ്ഥിരം യാത്രക്കാരുടെ സൗഹൃദക്കൂട്ടായ്മ

EKM-YATHRA-Lകൊച്ചി: കൂട്ടായ്മയുടെ ഉത്തമ മാതൃകയൊരുക്കി ഫോര്‍ട്ടുകൊച്ചി – ശിവഗിരി വോള്‍വോ ബസിലെ സ്ഥിരയാത്രക്കാര്‍. ഈ ബസില്‍ വര്‍ഷങ്ങളായി സ്ഥിരം യാത്രചെയ്യുന്ന 25 ഓളം യാത്രക്കാരാണ് ബസില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം നടത്തിയത്. ബസില്‍ സ്ഥിരമായി സഞ്ചരിക്കുന്നവരാണെങ്കിലും ഒരുമിച്ചു കൂടി ആഘോഷിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ്  ആഘോഷം ബസില്‍ തന്നെയാക്കിയത്. മോട്ടോര്‍ വെഹിക്കിള്‍ ഫോര്‍ട്ടുകൊച്ചി  അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപീശങ്കര്‍ കേക്കു മുറിച്ച് ആഘോഷത്തില്‍ പങ്കെടുത്തു.

ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി ബഡായി ബംഗ്ലാവിന്റെ സംവിധായിക ഡയാന സില്‍വസ്റ്ററും ബസിന്റെ കണ്ടക്ടറായ സന്തോഷ്കുമാറും ഡ്രൈവര്‍ സേവ്യറും അണിനിരന്നു. കേക്കുമുറിച്ചും പരസ്പരം ആശംസകളറിയിച്ചും ബസിലെ ആഘോഷം വ്യത്യസ്തമായി. ബസില്‍ യാത്രക്കാരായിരുന്ന വിദേശികളടക്കമുള്ളവര്‍ക്ക് ആഘോഷം പുതിയ അനുഭവമായി.

രാവിലെ 8.15 നാണ് ബസ് ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന 25 ഓളം സ്ഥിരയാത്രക്കാര്‍ ബസിലുണ്ട്. എന്നും ഈ ബസില്‍ യാത്രചെയ്യുന്നതിനാല്‍ ഇവര്‍ തമ്മില്‍ മികച്ച സൗഹൃദവും ഉടലെടുത്തിരുന്നു. ഓണത്തിനും ബസില്‍ ഇവര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Related posts