അധികൃതര്‍ കൈമലര്‍ത്തി! തീയതി തെറ്റിയതിനാല്‍ ചെക്ക് മടങ്ങി; അക്കൗണ്ടില്‍ നിന്നും 42,000 രൂപ പിന്‍വലിച്ചതായി പിന്നീട് സന്ദേശം

Cashകാഞ്ഞങ്ങാട്: എഴുതിയ തീയതി മാറിയതിനാല്‍ മടങ്ങിയ ചെക്കിലെ അക്കൗണ്ടില്‍ നിന്നും 42,000 രൂപ പിന്‍വലിച്ചതായി പരാതി. പാണത്തൂരിലെ സെല്‍പാര്‍ക്ക് മൊബൈല്‍ ഷോപ്പ് ഉടമ സി.എച്ച്.അഷ്‌റഫിന്റെ അക്കൗണ്ടില്‍ നിന്നുമാണ് 42,000 രൂപ നഷ്ടപ്പെട്ടത്.കോര്‍പ്പറേഷന്‍ ബാങ്കിന്റെ പാണത്തൂര്‍ കരിക്കേ ബ്രാഞ്ചിലെ അഷ്‌റഫിന്റെ 981 നമ്പര്‍ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.

കാഞ്ഞങ്ങാട്ടെ ദേവ് എന്റര്‍പ്രൈസസിലേക്ക് 10,000 രൂപയുടെ ചെക്ക് അഷ്‌റഫ് നല്‍കിയിരുന്നു. എന്നാല്‍ ചെക്കില്‍ 25-12-2016 എന്ന തീയതിക്ക് പകരം 2012 എന്ന് തെറ്റായിട്ടായിരുന്നു എഴുതിപ്പോയത്. ഈ ചെക്ക് ദേവ് എന്റര്‍പ്രൈസസ് അധികൃതര്‍ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കര്‍ണാടക ബാങ്ക് ശാഖയിലേക്ക് കളക്ഷനയച്ചപ്പോഴാണ് തീയതി തെറ്റായി കണ്ടത്. ഇതോടെ ചെക്ക് മടങ്ങുകയായിരുന്നു.

ഈ ചെക്ക് പിന്നീട് ദേവ് എന്റര്‍പ്രൈസസ് അധികൃതര്‍ അഷ്‌റഫിന് തന്നെ തിരിച്ചേല്‍പിച്ചിരുന്നു. എന്നാല്‍ 27നു കരിക്കേ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 42,000 രൂപ പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് അഷ്‌റഫ് പറഞ്ഞു. ഇതേക്കുറിച്ച് ബാങ്കുമായി അന്വേഷിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നുവെന്നും അഷറ്ഫ് പരാതിപ്പെട്ടു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് അഷ്‌റഫ്.

Related posts