മൂന്നാറില്‍ തത്കാലിക വെടിനിര്‍ത്തലിനു സാധ്യത; കയ്യേറ്റ നടപടികള്‍ നിര്‍ത്തിവച്ചേക്കും; നിലപാടിലുറച്ച് മുഖ്യമന്ത്രി; സിപിഐയ്ക്ക് വിഎസിന്റെ പിന്തുണ

rr600തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങളൊഴിപ്പിക്കുന്നത് താത്ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്നു സൂചന. പരസ്പരമുള്ള വിഴുപ്പലക്കല്‍ ഒഴിവാക്കാന്‍ ഇടതു മുന്നണിയോഗത്തില്‍ ധാരണയായതിനു തൊട്ടുപിന്നാലെയാണ് സര്‍വകക്ഷി യോഗം വിളിക്കാനും അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായത്.

ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിന്റെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയിലെ പടുകൂറ്റന്‍ കുരിശു നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപഐയും തമ്മില്‍ യോഗത്തില്‍ തര്‍ക്കം ഉണ്ടായി. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്യന്‍ രവീന്ദ്രനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും സംസാരിച്ചപ്പോള്‍ സിപിഎമ്മിനുവേണ്ടി മറുപടി നല്കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സിപിഎമ്മിലെ മുതിര്‍ന്ന സഖാവ് വി എസ്. അച്യുതാനന്ദനും സിപിഐയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കുരിശു നീക്കം ചെയ്യാന്‍ നേതൃത്വം നല്കിയ ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിനെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത് ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായ മോശപ്പെടുത്തിയെന്ന് കാനവും പന്യനും ചൂണ്ടിക്കാട്ടി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി എസ്. അച്യുതാനന്ദനും സിപിഐ നേതാക്കളെ പിന്തുണയ്ക്കുന്ന നിലപാടാണ് എല്‍ഡിഎഫ് യോഗത്തില്‍ സ്വീകരിച്ചത്. കുരിശാണെങ്കില്‍ കൂടിയും നീക്കം ചെയ്യണമെന്നും വേണ്ടത് കര്‍ശന നിലപാടണെന്നും എല്‍ഡിഎഫ് യോഗത്തിനെത്തവേ വി എസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

കുരിശു നീക്കിയതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.കുരിശ് നീക്കം ചെയ്യുന്നത് വളരെ സെന്‍സിറ്റീവായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റവന്യൂവകുപ്പിന്റെ കീഴില്‍നിന്ന് ഉണ്ടായത് ജാഗ്രതക്കുറവാണെന്നും അദ്ദേഹം ആരോപിച്ചു.കുരിശു നീക്കം ചെയ്യുന്നകാര്യം ആരെയും അറിയിച്ചിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ലെന്നു റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. നോട്ടീസ് നല്കി 144 പ്രഖ്യാപിച്ച ശേഷമാണ് കുരിശ് നീക്കം ചെയ്യാനുള്ള നടപടികള്‍ എടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. മൂന്നാര്‍ പ്രശ്നം വഷളാക്കരുതെന്നും യോജിച്ചു മുന്നോട്ടു പോകുകയാണു വേണ്ടതെന്നും വി എസ് ഇതിനിടെ അഭിപ്രായപ്പെട്ടു. മൂന്നാര്‍ വിഷയത്തില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് യോഗത്തിനുശേഷം പുറത്തിറങ്ങിയ കാനം രാജേന്ദ്രന്‍ പറഞ്ഞത്. എല്ലാ പ്രശ്നങ്ങള്‍ക്കും എപ്പോഴും പരിഹാരം ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയെന്നതാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും കാനം വ്യക്തമാക്കി.

Related posts