എൻആർഐ ഭർത്താവ് ഉപേക്ഷിച്ചു; കേന്ദ്രത്തോട് സഹായമഭ്യർഥിച്ച് യുവതി

chanddip_01104017ന്യൂഡൽഹി: പ്രവാസിയായ ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് കേന്ദ്ര സർക്കാരിന്‍റെ സഹായം അഭ്യർഥിച്ച് 29കാരിയായ യുവതി. കപുർത്തല സ്വദേശിനിയായ ചന്ദ് ദീപ് കൗറാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ സഹായം തേടിയത്. തന്‍റെ ഭർത്താവ് രമൺ ദീപ് സിംഗ് തന്നെ ഉപേക്ഷിച്ചുവെന്നും ന്യൂസിലാൻഡിലുള്ള അയാളെ തിരികെ നാട്ടിലെത്തിക്കണമെന്നുമാണ് ചന്ദിന്‍റെ ആവശ്യം. വിവാഹത്തിനു ശേഷം വിദേശത്തേക്കു പോകുന്ന ഒരു ഭർത്താവും ഭാര്യമാരോട് ഇനി ഇത്തരത്തിൽ ചെയ്യരുതെന്നതിനാലാണ് താൻ നിയമപരമായി മുന്നോട്ട് പോകുന്നതെന്നും ചന്ദ് വ്യക്തമാക്കി.

ഭർത്താവിനെ തിരികെ നാട്ടിലെത്തിക്കണമെന്നും ഒപ്പം അയാളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നും യുവതി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു. നിയമപരമായിത്തെന്നെ വിവാഹ ബന്ധം വേർപ്പെടുത്തണമെന്നും അവർ വ്യക്തമാക്കി. 2015 ജൂലൈയിലാണ് അക്കൗണ്ടന്‍റായ രമൺദീപ് സിംഗും ചന്ദ് ദീപ് കൗറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു ശേഷം ന്യൂസിലൻഡിലേക്കു പോയ ഇയാൾ ഡിസംബറിൽ തിരികയെത്തിയിരുന്നു. എന്നാൽ 2016 ജനുവരിയിൽ വീണ്ടും വിദേശത്തേക്ക് ഇയാൾ മടങ്ങിയെന്നും ഇതിനു ശേഷമാണ് തന്നെ ഉപേക്ഷിച്ചതെന്നും ചന്ദ് പറഞ്ഞു.

50 ദിവസസത്തിൽ താഴെ മാത്രമേ താൻ ഭർത്താവിനൊപ്പം കഴിഞ്ഞുള്ളു. ഉപേക്ഷിക്കാൻ എന്താണ് കാരണമെന്ന് അറിയില്ല. ഇപ്പോൾ തനിക്ക് ഭർത്താവിന്‍റെ വീട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്- ചന്ദ് പറഞ്ഞു. തന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോകാനാണ് രമൺ ദീപിന്‍റെ ബന്ധുക്കൾ നിരന്തരം ആവശ്യപ്പെടുന്നത്. ഭർത്താവിനെ നിരവധി തവണ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും ഭർത്താവിന്‍റെ ബന്ധുക്കളാരും തന്‍റെ അവസ്ഥ മനസിലാക്കുന്നില്ലെന്നും ചന്ദ് സുഷമ സ്വരാജിന് അയച്ച കത്തിൽ വ്യക്തമാക്കി.

2016ൽ ചന്ദിന്‍റെ പരാതിയേത്തുടർന്ന് രമൺ ദീപിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related posts