ന്യൂയോർക്ക്: ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുതരുന്ന അമേരിക്കയുടെ ചാറ്റ് ജിപിടിക്ക് വന്‍വെല്ലുവിളി ഉയര്‍ത്തികൊണ്ടുള്ള ചൈനീസ് എഐ ചാറ്റ്ബോട്ട് “ഡീപ് സീക്കി’ന്റെ വരവിൽ അമേരിക്കൻ ഓഹരി വിപണി കൂപ്പുകുത്തി. എഐ ചിപ്പ് നിർമാതാക്കളായ എൻവീഡിയയുടെ ഓഹരികളിൽ 16 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോൾ നഷ്ടം 500 ബില്യൺ ഡോളറിലെത്തി.
എൻവീഡിയയ്ക്ക് പുറമേ ബ്രോഡ്കോം, മൈക്രോസോഫ്റ്റ്, ആൽഫാബെറ്റ്, സിസ്കോം, ടെസ്ല എന്നിവയുടെ ഓഹരികളിലും വൻ ഇടിവുണ്ടായി. ചാറ്റ് ജിപിടിക്ക് ബദലായുള്ള ചൈനയുടെ ഡീപ്സീക്ക്, പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്.
ഓപ്പൺ എഐ, ഒറാക്കിൾ, സോഫ്റ്റ് ബാങ്ക് എന്നിവരുമായി ചേർന്ന് ഡോണൾഡ് ട്രംപ് 500 ബില്യൺ ഡോളറിന്റെ എഐ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കൻ വിപണിയിൽ ഡീപ്സീക്ക് കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഡീപ്സീക്കിന് നേരേ സൈബർ ആക്രമണങ്ങൾ തുടങ്ങിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ രജിസ്ട്രേഷനുകൾ ഡീപ്സീക്ക് താൽകാലികമായി നിർത്തിവച്ചു.