
തുറവൂർ: അന്ധകാരനഴി ചെല്ലാനം തീരദേശ റോഡിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ആറോളം കാൽനടയാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ആധുനീക രീതിയിൽ റോഡ് നവീകരിച്ച ശേഷം കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
റോഡിന്റെ ഇരുവശത്തും നടപ്പാതയ്ക്കായി ഗ്രാവലിട്ട് ഉയർത്താത്തത് മൂലം കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. അമിത വേഗത്തിലെത്തുന്ന ബൈക്ക് ഉൾപടെയുള്ള വാഹനങ്ങൾ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്നത് പതിവാണ്.
പള്ളിത്തോട് റോഡ് മുക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കുട്ടികളെയാണ് ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ ഇപ്പോഴും ചികിത്സയിലാണ്. പാലും കയറ്റിവന്ന പിക്കപ്പ് വാനിൽ ഒരു കാൽനടയാത്രക്കാരന്റെ കൈയ് ഉടക്കി മസിലും ഞരന്പുകളും അടർന്നു പോയത് ഒടുവിലത്തെ സംഭവമാണ്.
ഈ റോഡിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതരുടെ കണ്ണ് തുറക്കാത്തത് പ്രതിഷേധത്തിനു കാരണമാകുന്നു. തീരദേശ റോഡിന്റെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.