ചെങ്ങന്നൂരിൽ യുഡിഎഫിനൊപ്പം; ഇപ്പോഴത്തെ തീരുമാനം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രമെന്ന് കെ.എം മാണി

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി അറിയിച്ചു. പാർട്ടിയുടെ നിലപാടുകൾ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വിശദീകരിക്കുമെന്നും കോട്ടയത്ത് ചേർന്ന ഉപസമിതി യോഗത്തിനു ശേഷം മാണി വ്യക്തമാക്കി.

ഇപ്പോഴത്തെ തീരുമാനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രമാണെന്നും മാണി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച യുഡിഎഫ് നേതാക്കൾ മാണിയെ കണ്ട് ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ഇത് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മഞ്ഞുരുകലിന് സഹായകമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ കേരള കോണ്‍ഗ്രസ്-എമ്മിന് മൂവായിരത്തോളം വോട്ടുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇത് നിർണായകമാണെന്ന തിരിച്ചറിവാണ് മുന്നണികൾ കേരള കോണ്‍ഗ്രസിന്‍റെ പിന്നാലെ പോകാൻ പ്രേരിപ്പിച്ചത്.

Related posts