സ്‌കൂള്‍ പഠനം വേണ്ട എന്ന് കുട്ടികള്‍ ! പൂര്‍ണ പിന്തുണയുമായി മാതാപിതാക്കളും; പഞ്ചമിയും പത്മിനിയും സമൂഹത്തില്‍ വ്യത്യസ്ഥരാകുന്നതിങ്ങനെ…

കോവിഡ് ബാധയെത്തുടര്‍ന്ന് എല്ലാവരും ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് മാറിയിരിക്കുകയാണ്. പല വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം അസാധ്യമാണ്.

ഇതുമായി ബന്ധപ്പെട്ട് പല വിഷയങ്ങളും ഉയര്‍ന്നു വരുമ്പോള്‍ പഞ്ചമിയ്ക്കും പത്മിനിയ്ക്കും ഇത് ഒരു വിഷയമേയല്ല.

ഈ സഹോദരിമാര്‍ സാധാരണ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്നു മാറിയിട്ട് വര്‍ഷങ്ങളായി. വീട്ടിലിരുന്നുള്ള ബദല്‍ വിദ്യാഭ്യാസ പഠനത്തിലൂടെയാണ് ഇവരുടെ യാത്ര.

മുളന്തുരുത്തി തുപ്പംപടിയില്‍ ചൂരക്കുളങ്ങര വീട്ടില്‍ സന്തോഷ്-സീമ ദമ്പതികളുടെ മക്കളാണ് പഞ്ചമി(14)യും പത്മിനിയും(10).

ആറാം ക്ലാസ് വരെ പഞ്ചമിയും രണ്ടാം ക്ലാസ് വരെ പത്മിനിയും സ്‌കൂളില്‍ പഠിച്ചു. പിന്നീടത് വേണ്ടെന്നുവെച്ചു. പഞ്ചമി സ്‌കൂളിലെ പുസ്തക പഠനരീതികളോടു വിയോജിപ്പ് പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ പത്മിനി സ്‌കൂളില്‍ പോകേണ്ടെന്നു പറഞ്ഞുള്ള കരച്ചിലായി.

കുട്ടികളുടെ മനസ് തിരിച്ചറിഞ്ഞ സന്തോഷ് മക്കളെ ഇനി സ്‌കൂളിലേക്ക് അയയ്‌ക്കേണ്ട എന്ന തീരുമാനം സീമയോട് പറഞ്ഞു.

ആദ്യം സീമയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. പിന്നീട് നാലുപേരും ചേര്‍ന്ന് തീരുമാനമെടുത്തു. അങ്ങനെ ആറിലും രണ്ടിലും വച്ച് സ്‌കൂള്‍ പഠനത്തോട് കുട്ടികള്‍ വിട പറഞ്ഞു.

കുട്ടികളെ സ്‌കൂളില്‍ വിടേണ്ടെന്ന തീരുമാനത്തെ അധ്യാപകരായ സീമയുടെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തെങ്കിലും പിന്നീടു സമ്മതിച്ചു.

കുട്ടികള്‍ അവര്‍ക്കാവശ്യമായ വിഷങ്ങള്‍ ചോദിച്ചു മനസിലാക്കി ചര്‍ച്ച ചെയ്തു പഠിക്കുമെന്നതാണ് ഹോം സ്‌കൂള്‍ പഠന രീതിയുടെ പ്രത്യേകത. പഠനത്തിനു പ്രത്യേക സമയമില്ല.

പഞ്ചമി നന്നായി ചിത്രരചന നടത്തും. യാത്രകള്‍, ചര്‍ച്ചകള്‍, വായന, പാചകം തുടങ്ങി സാമൂഹിക, രാഷ്ട്രീയ ചര്‍ച്ചകളിലൂടെയാണ് ഇവരുടെ പഠനം.

എംഎച്ച്ആര്‍ഡിയ്ക്കു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളില്‍ ഒക്ടോബറില്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് പഞ്ചമി.

പിന്നീട് തുടര്‍ പഠനത്തിലൂടെ ഉന്നത വിദ്യാഭ്യാസം നേടി ജീവിതവഴി തെരഞ്ഞെടുക്കാന്‍ ഇവര്‍ക്കാവുമെന്നാണ് എം.ഫില്‍ ബിരുദധാരികളായ സന്തോഷും സീമയും പറയുന്നത്.

തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ് സന്തോഷ്. ചിത്രകാരിയായ സീമ വീട്ടില്‍ത്തന്നെ പുതിയൊരു സംരംഭം ആരംഭിക്കാനിരിക്കേയാണ് ലോക്ക്ഡൗണ്‍ വന്നത്. എന്തായാലും സമൂഹത്തിന് ഒരു പുത്തന്‍ മാതൃകയാവുകയാണ് ഈ മാതാപിതാക്കളും മക്കളും.

Related posts

Leave a Comment